തൃശൂർ: തൃശൂർ പൂരം നടക്കുന്ന മേയ് 10, 11 തിയതികളിൽ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള വാർഷിക പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്താൻ സൗകര്യമൊരുക്കുമെന്ന് പൊലീസ്. പൂരം നടക്കുന്നതിനാൽ ചില സ്ഥലങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടും.
രക്ഷിതാക്കളും കുട്ടികളും ഈ സ്ഥലങ്ങൾ അറിഞ്ഞിരിക്കണം. സ്കൂൾ ബസ് സർവീസ് നടത്തുന്നവർ ഇക്കാര്യത്തിന് ആവശ്യമായ മുൻകൂർ ക്രമീകരണം ഏർപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള പാർക്കിംഗ് ഗ്രൗണ്ടിലും, ഹോട്ടലുകൾ, സിനിമാശാലകൾ, വ്യാപാര സമുച്ചയങ്ങൾ, ഫ്ളാറ്റ് സമുച്ചയങ്ങൾ എന്നിവിടങ്ങളിലെ പാർക്കിംഗ് സ്ഥലങ്ങളിൽ അനധികൃത വാഹന പാർക്കിംഗ് നടത്തുന്നില്ലെന്ന് ഉടമകൾ ഉറപ്പുവരുത്തണം. ഉടമസ്ഥരില്ലാതെ, സംശയാസ്പദമായ രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ വിവരം കൺട്രോൾ റൂമിൽ അറിയിക്കണം.
നിയന്ത്രണത്തിന് എ.സി.പി
സാമ്പിൾ വെടിക്കെട്ട് ദിവസം മുതൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനം ആരംഭിക്കുന്നതിനാൽ തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാന പാലനത്തിനുമായി ഒരു എ.സി.പി, മൂന്ന് സി.ഐമാരുടെ നേതൃത്വത്തിൽ പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഒരുക്കങ്ങളുമായി റെയിൽവേ
എറണാകുളം കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ്, തിരുനെൽവേലി പാലക്കാട് പാലരുവി, മംഗലാപുരം നാഗർകോവിൽ പരശുറാം എന്നീ ട്രെയിനുകൾക്ക് മേയ് 10, 11 ദിവസങ്ങളിൽ ഇരുദിശകളിലും പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. തൃശൂരിലും പൂങ്കുന്നത്തും അധിക ടിക്കറ്റ് കൗണ്ടറുകൾ, കൂടുതൽ പ്രകാശസംവിധാനം, കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥർ, സൂചനാകേന്ദ്രത്തിൽ കൂടുതൽ ജീവനക്കാർ, പ്രത്യേക അനൗൺസ്മെന്റ്, കുടിവെള്ളത്തിന് അധിക സൗകര്യം തുടങ്ങിയവയും ഒരുക്കുന്നുണ്ട്. പൂരം കണ്ട് മടങ്ങുന്നവർക്കായി തൃശൂരിലെ ബുക്കിംഗ് ഓഫീസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും രണ്ടാം കവാടത്തിൽ ഒന്നും ടിക്കറ്റ് വിതരണ കൗണ്ടറും രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷിനും (ആകെ 11) ഉണ്ടാകും.
പൂങ്കുന്നത്ത് രണ്ട് കൗണ്ടർ ബുധൻ പുലർച്ചെ 3 മുതൽ രാവിലെ 11 വരെ പ്രവർത്തിക്കും. ദിവാൻജി മൂല മുതൽ തൃശൂർ സ്റ്റേഷനിലേയ്ക്ക് കൂടുതൽ ലൈറ്റും സ്ഥാപിക്കും. റെയിൽവേ സ്റ്റേഷൻ മാനേജർ പി.ശശീന്ദ്രൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കൊമേഴ്സ്യൽ) ബാലകൃഷ്ണൻ, ചീഫ് ബുക്കിംഗ് സൂപ്പർവൈസർ മീനാംബാൾ, ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്ടർ പ്രസൂൺ എസ്.കുമാർ, ആർ.പി.എഫ് ഇൻസ്പെക്ടർ കേശവദാസ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |