തൃശൂർ: മഴക്കാലത്ത്, ജാതിക്കൃഷിയിൽ ഇലപൊഴിച്ചിലും ഇഞ്ചിയിലും മഞ്ഞളിലും മൂടു ചീയലും ഉണ്ടാകാം. പയറിലും വെള്ളരിവർഗത്തിലും രോഗ സാദ്ധ്യതയുണ്ട്. മൃഗസംരക്ഷണത്തിലും വേണം ശ്രദ്ധ. ജാതിക്കൃഷിയിൽ ഇല പൊഴിച്ചിലിന് മുൻകരുതലായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കണം. രണ്ടാഴ്ചയ്ക്കുശേഷം സൂഡാമോണാസ് ലായനി മണ്ണിലൊഴിച്ച് കുതിർക്കുകയും പശ ചേർത്ത് ചെടിയിൽ തളിക്കുകയും വേണം. ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം ഓരോ ജാതിച്ചെടിയുടെയും ചുവട്ടിൽ., ചെടിയുടെ വളർച്ചയ്ക്കനുസരിച്ച് 2.5 മുതൽ 5 കിലോവരെ ഇട്ട് ഇളക്കിച്ചേർക്കണം. മറ്റു കൃഷിയിലെ പരിപാലന മുറകൾ ചുവടെ.
ഇഞ്ചി, മഞ്ഞൾ
മൂടുചെയലിന് മുൻകരുതലായി സൂഡാമോണാസ് ലായനിയിൽ അല്ലെങ്കിൽ കാർബൺഡാസിന്റെയും, മാങ്കോസബിന്റെയും മിശ്രിതം 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത ലായനിയിൽ മുക്കി നടാം. നട്ടുകഴിഞ്ഞെങ്കിൽ സ്യൂഡാമോണാസ് ലായനി തടത്തിൽ ഒഴിച്ചു കൊടുക്കണം.
പയർ
പയറിന്റെ കരിവള്ളിക്കേടിനു മുൻകരുതലായി സ്യൂഡാമോണാസ് ലായനി ചെടിയിൽ കുളിർക്കെ തളിക്കുക. അല്ലെങ്കിൽ 2.5 ഗ്രാം കോപ്പർ ഓക്സിക്ളോറൈഡ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുക. കാർബൺഡാസിൻ ഒരു ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചെടിയിൽ തളിച്ചുകൊടുക്കാം. അല്ലെങ്കിൽ കാർബൺഡാസിന്റെയും മാങ്കോസബിന്റെയും മിശ്രിതം 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയിൽ തളിക്കുക.
വെള്ളരിവർഗം
വെള്ളരിവർഗ പച്ചക്കറികളിലെ മൃദുരോമ പൂപ്പിനെ നിയന്ത്രിക്കാൻ 2.5 ഗ്രാം മാങ്കോസെബ് അല്ലെങ്കിൽ 20 ഗ്രാം ട്രൈക്കോഡെർമ അല്ലെങ്കിൽ 5 മില്ലി ട്രൈക്കോഡെർമ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളുടെ അടിയിൽ പതിയത്തക്കവണ്ണം തളിക്കുക. മണ്ണിൽ ഒഴിച്ചുകൊടുക്കുകയും വേണം.ചെയ്യുക.
മൃഗസംരക്ഷണ നിർദ്ദേശങ്ങൾ
കന്നുകാലിത്തൊഴുത്തും പരിസരവും വെള്ളക്കെട്ടില്ലാതെ വൃത്തിയായി സംരക്ഷിക്കുന്നതുവഴി കന്നുകാലികളിലെ മഴക്കാലരോഗങ്ങളും കൊതുക് പെരുകുന്നതും ഒരു പരിധിവരെ നിയന്ത്രിക്കാം. ചാണകക്കുഴികളിൽ മഴവെള്ളം നേരിട്ടു വീഴാതെ മൂടിവയ്ക്കുക. കാലിത്തീറ്റ, പൂപ്പൽ വരാതിരിക്കാൻ വെയിലുള്ളപ്പോൾ ഉണക്കി മരത്തടിയുടെ മുകളിൽ സൂക്ഷിക്കുക.
വാഴക്കൃഷിയിലെ പരിപാലനമുറകളെപ്പറ്റി നാളെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |