തൃശൂർ: ഭക്ഷ്യസുരക്ഷാ നിയമം കേരളം കൃത്യമായി പാലിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. തൃശൂരിൽ മോദി സർക്കാരിന്റെ എട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ഗുണഭോക്തൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ വിവിധ പദ്ധതികളിൽപെടുത്തി സംസ്ഥാനങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യത്തിന്റെ വിതരണത്തിൽ കേരളം വീഴ്ചവരുത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ആരോപിച്ചു. ഉത്തരവാദികളായവരുടെ പേരിൽ നടപടിയെടുക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് എറണാകുളത്ത് ഒരു ദളിത് കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ താൻ നടത്തിയ അന്വേഷണത്തിലാണ് പാളിച്ച മനസിലായത്. കേന്ദ്രസർക്കാർ രണ്ട് തവണ ഇന്ധന നികുതി കുറച്ചിട്ടും കേരളം വാറ്റ് കുറച്ചിട്ടില്ല. പദ്ധതികളുടെ ഗുണഫലം അർഹതയുണ്ടായിട്ടും കിട്ടാതെ പോകുന്നവർ പരാതി അയച്ചാൽ ശക്തമായ നടപടിയുണ്ടാവും. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളെ വഞ്ചിക്കുകയാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പദ്ധതി ഗുണഭോക്താക്കളുടെ സംഗമം
തൃശൂർ : മോദി സർക്കാരിന്റെ ഏട്ടാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര പദ്ധതി ഗുണഭോക്താക്കളുടെ സംഗമം നടത്തി. കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി.ശ്രീധരൻ മാസ്റ്റർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാർ, ജോർജ്ജ് കുര്യൻ, വൈസ് പ്രസിഡന്റുമാരായ സി.സദാനന്ദൻ മാസ്റ്റർ, അഡ്വ.ബി.ഗോപാലകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, സെക്രട്ടറി എ.നാഗേഷ്, എം.എസ്.സമ്പൂർണ്ണ, ഷാജുമോൻ വട്ടേക്കാട്, അഡ്വ.നിവേദിത, അഡ്വ.രവികുമാർ ഉപ്പത്ത്, അഡ്വ.കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ്ബ് എന്നിവർ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച എൻ.നിരഞ്ജന, ധന്യ മേനോൻ, അശ്വതി സൂരജ്, ശ്രുതി ജയൻ, കലാമണ്ഡലം ഹേമലത, ആര്യ.കെ, സ്വപ്ന സിബി, സി.ഡി.എൽസി, ധന്യ രാമചന്ദ്രൻ, ഉഷ രാധാകൃഷ്ണൻ എന്നിവരെ കേന്ദ്രമന്ത്രി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |