ചാലക്കുടി: ദേശീയ പാതയിൽ പോട്ടനാടുകുന്നിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി വോൾവോ ബസ്, ടോറസ് ലോറിയുടെ പിന്നിലിടിച്ച് പതിനെട്ട് പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ പുലർച്ചെ ഒന്നോടെ തിരുവനന്തപുരത്ത് നിന്നും മൈസൂരിലേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
അമിതവേഗത്തിലെത്തിയ ബസ്, റോഡരികിൽ നിറുത്തുന്നതിന് ശ്രമിച്ച ലോറിയുടെ പിന്നിലാണ് ഇടിച്ചത്. ഇതോടെ നിരങ്ങി നീങ്ങിയ ലോറി മുൻപിൽ കിടന്ന മറ്റൊരു ചരക്ക് ലോറിയിലും ഇടിച്ചു. ടോറസ് ലോറിയുടെ പിൻഭാഗം ബസിനകത്തേയ്ക്ക് കയറിയ നിലയിലാണ്. ടോറസിൽ ജിപ്സം മണലായിരുന്നു ലോഡ്. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും ഇതുകാരണമാണ് ജീവഹാനി സംഭവിക്കാതിരുന്നത്. പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു. ഫയർഫോഴ്സും രക്ഷാ പ്രവർത്തനത്തിനുണ്ടായി. അപകടത്തെ തുടർന്ന് ദേശീയപാതയുടെ തൃശൂർ ഭാഗത്ത് ഭാഗികമായി ഗതാഗതക്കുരുക്കുണ്ടായി.
സുരേന്ദ്രൻ മങ്ങാട്ടിന്റെ'രാജമുദ്ര കേസ് ഡയറി ' പ്രകാശനം
തൃശൂർ : ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുരേന്ദ്രൻ മങ്ങാട്ടിന്റെ പുതിയ നോവലായ 'രാജമുദ്ര കേസ് ഡയറി'യുടെ പ്രകാശനം ഇന്ന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടക്കും. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ സുരേന്ദ്രൻ മങ്ങാട്ടിന്റെ ഏഴാമത്തെ നോവലാണ് രാജമുദ്ര കേസ് ഡയറി. പരിസ്ഥിതി വിഷയത്തിലൂന്നിയ കഥകൾ ഉൾപ്പെടെ സാമൂഹ്യ വിഷയങ്ങൾ കൂടി കൈകാര്യം ചെയ്യുന്ന സുരേന്ദ്രന്റെ നാല് ചെറുകഥാസമാഹാരങ്ങളുമുണ്ട്. രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ടി.ഡി.രാമകൃഷ്ണൻ, പി.സുരേന്ദ്രൻ, ഗായത്രി, കവി സെബാസ്റ്റ്യൻ, ഡോ.പി.സജീവ് കുമാർ, ചന്ദ്രശേഖർ നാരായണൻ, എ.സി.പി കെ.കെ.സജീവ്, ഹംസ അറക്കൽ തുടങ്ങിയവർ പങ്കെടുക്കും.
ആയുർവേദ അവാർഡുകൾ
സർക്കാർ പുനഃസ്ഥാപിക്കണം
തൃശൂർ: സംസ്ഥാന സർക്കാർ മുൻവർഷങ്ങളിൽ ആയുർവേദ ഡോക്ടർമാർക്ക് നൽകിയിരുന്ന അവാർഡുകൾ കഴിഞ്ഞ 4 വർഷമായി നിറുത്തിയതായും ഇത് ഉടൻ പുന:സ്ഥാപിക്കണമെന്നും എം.എം.എം.ഒ. ഐ ജനറൽ സെക്രട്ടറി ഡോ.ഡി.രാമനാഥൻ ആവശ്യപ്പെട്ടു. ആയുർവേദ രംഗത്ത് മികച്ച സംഭാവന നൽകുന്ന ഡോക്ടർമാർ, ആയുർവേദ ഔഷധനിർമ്മാതാക്കൾ, സ്വകാര്യ ആയുർവേദ ആശുപത്രികൾ, ആയുർവേദത്തിലൂടെ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന സംരംഭകർ എന്നീ മേഖലകളിൽ വർഷാവർഷം സർക്കാരിന്റെ അവാർഡ് നൽകേണ്ടത് ആയുർവേദ മേഖലയുടെ വികസനത്തിന് അത്യാവശ്യമാണ്. അവാർഡ് ലഭിക്കുന്നവർ കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തിക്കാനും പുതിയ മേഖലകൾ സൃഷ്ടിക്കാനും പ്രചോദനം നൽകും. ഇതര വൈദ്യ ശാസ്ത്രത്തിലുള്ള അവാർഡുകളെല്ലാം ഇപ്പോഴും നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |