ആലപ്പുഴ: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചുകയറി അച്ഛനും മകളും മരിച്ചു. വള്ളിക്കുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലായിരുന്നു അപകടം. ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്.
ഏറെനാളായി വിദേശത്തായിരുന്ന സത്താർ മകൾ ആലിയയുടെ വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാവും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തിൽ കാർ ഏറക്കുറെ പൂർണമായും തകർന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേസമയം, തൃശൂരിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃപ്രയാർ സെന്ററിനടുത്ത് യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കണ്ടെയ്‌നർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നുപുലർച്ചെ രണ്ടുമണിയോടെ ചാവക്കാട് കൊടുങ്ങല്ലൂർ ദേശീയപാത 66ൽ വി.ബി. മാളിന് സമീപമായിരുന്നു അപകടം. വലപ്പാട് കോതകുളം ബീച്ച് സ്വദേശിയാണ് ആശീർവാദ്, വലപ്പാട് മാലാഖ വളവ് സ്വദേശിയാണ് ഹാഷിം എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. യുവാക്കളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |