തൃശൂർ : മഴ കനക്കും തോറും നെഞ്ചിടിപ്പോടെ ഇരുന്നൂറിലേറെ കുടുംബങ്ങൾ. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ പ്രകാരം 28 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളത്. ഉരുൾപൊട്ടലും സോയിൽ പൈപ്പിംഗും മണ്ണിടിച്ചിലും പുഴ കരകവിഞ്ഞൊഴുകലും മറ്റുമായി മഴ മുറുകുമ്പോൾ മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളിൽ ഉൾപ്പെട്ടവരാണിവർ.
മലയോര മേഖലയിൽ മാത്രമല്ല, ചെറിയ കുന്നിൻ പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ട്. കാലവർഷത്തിന് മാസങ്ങൾ മുമ്പ് ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ പരിശോധന നടത്തിയാണ് മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞവർഷം 426 കുടുംബങ്ങളാണ് ഭീഷണി നേരിട്ടിരുന്നത്. എന്നാൽ ഈ വർഷം പലരും സ്ഥലം മാറിപ്പോകുകയും ചിലയിടങ്ങളിൽ മണ്ണിന് കൂടുതൽ ബലം വന്നുവെന്ന് കണ്ടെത്തിയതോടെയാണ് എണ്ണം കുറഞ്ഞതെന്ന് മണ്ണ് സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ശക്തമായ മഴയിൽ മണ്ണ് കുതിരുന്നതാണ് മണ്ണിടിച്ചിലിന് പ്രധാന കാരണം. സമീപപ്രദേശങ്ങളിൽ നിന്ന് മണ്ണെടുക്കുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുല്ലശേരിയിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് വ്യാപകമായ മണ്ണെടുപ്പ് നടന്നതായി പറയുന്നു.
കൂടുതൽ പേർ തലപ്പിള്ളിയിൽ
തലപ്പിള്ളി താലൂക്കിൽ 116 കുടുംബങ്ങളെയാണ് ഇവിടെ മാറ്റിപ്പാർപ്പിക്കേണ്ടത്. ഇതിൽ മഴ കൂടുതൽ ശക്തമായാൽ പുലാക്കോട് വില്ലേജിൽ പാറക്കുന്ന് കോളനിയിലെ 27 കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരും. സ്ഥിരം മണ്ണിടിച്ചിൽ കേന്ദ്രമായ മുസാഫിരിക്കുന്നിന് സമീപത്തെ 21 കുടുംബങ്ങളെയാണ് തെക്കുംകര വില്ലേജിൽ നിന്നും മാറ്റിപ്പാർപ്പിക്കേണ്ടത്. കരുവന്നൂർ പുഴ കരകവിഞ്ഞൊഴുകാനുള്ള സാദ്ധ്യത പരിഗണിച്ച് പൊറത്തിശ്ശേരി വില്ലേജിൽ പുഴയോട് ചേർന്ന് ആറ് വീട്ടുകാരെയും മാറ്റും. പ്രശ്ന സാദ്ധ്യതാ മേഖലയായ ചാലക്കുടി താലൂക്കിൽ നിന്നും 48 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടത്. പുത്തൂർ വില്ലേജിലെ ചിറ്റിക്കുന്നിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കുടുംബങ്ങളെ മാറ്റേണ്ടി വരിക. ഇവിടെ നിന്നും 40 കുടുംബങ്ങളെയാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വരിക.
മാറ്റി പാർപ്പിക്കേണ്ട കുടുംബങ്ങൾ
തലപ്പിള്ളി താലൂക്ക്
പള്ളൂർ കുംഭാര കോളനി 3
സാംബവ കോളനി 4
ചിറകോളനി 2
കൊണ്ടാഴി മേലേമുറി കോളനി 5
വരവൂർ കോട്ടക്കുന്ന് കോളനി 4
പുലാക്കോട് പറക്കുന്ന് കോളനി 27
വടക്കാഞ്ചേരി നെല്ലിക്കുന്ന് കോളനി 9
ഒമ്പതാം ഡിവിഷൻ 12
കുമാര സഭ കോളനി 10
മാടായിക്കോണം വാതിൽ മാടം കോളനി 4
തെക്കുംകര മുസാഫീർ കുന്ന് 21
കാറളം കോഴിക്കുന്ന് കോളനി 9
പൊറത്തിശേരി 6
ചാലക്കുടി താലൂക്ക്
മുപ്ളിയം മുനിയാട്ടുകുന്ന് കിഴക്ക് ഭാഗം 3, പരിയാരം കാഞ്ഞിരപ്പിള്ളി ഐ.എച്ച്.ഡി.പി കോളനി 19, അതിരപ്പിള്ളി കപ്പായം വീരൻ കോളനി 7, കുറ്റിച്ചിറ വെട്ടിക്കുഴി പണ്ടാരം പാറ 3, വെട്ടിക്കുഴി പണ്ടാരം പാറ എസ്.ടി. കോളനി 7, വെള്ളിക്കുളങ്ങര മോനോടി 1, പത്തുകുളങ്ങര 1
തൃശൂർ താലൂക്ക്
കൈനൂർ കോക്കാത്ത് കോളനി 26
പുത്തൂർ ചിറ്റക്കുന്ന് 40
വെങ്ങിണി എം.എസ് നഗർ 2
കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ പറമ്പന്തളിയിൽ ഇന്ന് മണ്ണ് സംരക്ഷണ വിഭാഗം, ജിയോളജി വകുപ്പ്, റവന്യു വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകും
സിന്ധു
മണ്ണ് സംരക്ഷണ ഓഫീസർ.
മുല്ലശ്ശേരിയിൽ കുന്ന് ഇടിഞ്ഞ്
വീട് പൂർണമായി തകർന്നു
പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി നടയ്ക്ക് കിഴക്ക് ശക്തമായ മഴയിൽ കുന്നിടിഞ്ഞ് കോൺക്രീറ്റ് വീട് പൂർണമായി തകർന്നു. കാഞ്ഞിരത്തിങ്കൽ ബാബുവിന്റെ വീടാണ് തകർന്നത്. 30 അടി ഉയരമുള്ള കുന്ന് ബുധനാഴ്ച്ച പുലർച്ചെ രണ്ടോടെയാണ് വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണത്. ഭാര്യയും ഭർത്താവും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നതിനാൽ വൻദുരന്തം ഒഴിവായി. കുന്ന് കഴിഞ്ഞ 11 ന് ചെറിയ രീതിയിൽ ഇടിയാൻ തുടങ്ങിയതിനെ തുടർന്ന് മുല്ലശ്ശേരി വില്ലേജ് ഓഫീസർ സ്ഥലത്തെത്തി വീട്ടുകാരോട് മാറാൻ നിർദ്ദേശിച്ചിരുന്നു. വീട്ടിലെ ഗൃഹോപകരണങ്ങളും രണ്ട് ഇരുചക്രവാഹനങ്ങളും മണ്ണിനടിയിലായി. കുന്നിന്റെ അടിഭാഗം വിണ്ട് കീറിയ നിലയിലാണ്. കുന്നിന് മുകളിലും താഴെയുമായി അംഗൻവാടി ഉൾപ്പെടെ 11 ഓളം വീടുകൾ അപകട ഭീഷണിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |