'അമേരിക്കയെ ഭയപ്പെടുത്താൻ ഇനി അവനില്ല': ഐസിസിന്റെ രണ്ടാമനെ വധിച്ചതായി ട്രംപ്
വാഷിംഗ്ടൺ: ഐസിസിന്റെ നേതാക്കൻമാരിൽ രണ്ടാമനായ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൈജീരിയയിൽ വച്ച് യു.എസ്-നൈജീരിയൻ സേനകളുടെ സംയുക്ത ഓപ്പറേഷനിലാണ് മിനൂക്കി കൊല്ലപ്പെട്ടതെന്നാണ് വിവരം. ഐസിസിന്റെ അന്താരാഷ്ട്ര ശൃംഖലയെ ഈ ഓപ്പറേഷൻ ദുർബലപ്പെടുത്തിയെന്നും മിനൂക്കി ഇനി ആഫ്രിക്കയെ ഭീകരവൽക്കരിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഓപ്പറേഷനെ പിന്തുണച്ചതിന് നൈജീരിയൻ സർക്കാരിനോടും അദ്ദേഹം നന്ദി പറഞ്ഞു.
'ഇന്ന് രാത്രി, എന്റെ നിർദേശപ്രകാരം അമേരിക്കൻ സൈന്യവും നൈജീരിയൻ സേനയും ചേർന്ന് വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത സങ്കീർണമായ ദൗത്യത്തിലൂടെ ലോകത്തിലെ ഏറ്റവും കൊടുംഭീകരനെ ഈ ലോകത്തുനിന്ന് ഒഴിവാക്കി. ഐസിസിന്റെ ആഗോളതലത്തിലെ രണ്ടാമനായ അബു ബിലാൽ അൽ മിനൂക്കി കരുതിയത് അയാൾക്ക് ആഫ്രിക്കയിൽ എന്നും ഒളിവിൽ കഴിയാമെന്നാണ്. എന്നാൽ അയാൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഞങ്ങളെ അറിയിക്കുന്ന വിവരദാതാക്കൾ അവിടെയുണ്ടെന്ന് അയാൾ അറിഞ്ഞിരുന്നില്ല. ഇനിമേൽ അയാൾ ആഫ്രിക്കയെ ഭീകരവൽക്കരിക്കുകയോ അമേരിക്കക്കാർക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയോ ചെയ്യില്ല. അയാളെ ഇല്ലാതാക്കിയതിലൂടെ ഐസിസിന്റെ ആഗോളതലത്തിലെ പ്രവർത്തനത്തിൽ വലിയ ആഘാതമുണ്ടാക്കാനായി. ഈ സൈനിക നടപടിയിൽ പങ്കാളിയായതിന് നൈജീരിയൻ സർക്കാരിന് നന്ദി. അമേരിക്കയെ ദൈവം രക്ഷിക്കട്ടെ.’– ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ആഫ്രിക്കയിലെ സഹേൽ മേഖലയിലെ ഭീകര സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധമുള്ള ഐസിസിന്റെ മുതിർന്ന നേതാവായിരുന്നു അബു ബിലാൽ അൽ മിനുക്കി. അബു ബിലാൽ അൽ-മിനുക്കി, അബുബക്കർ മൈനോക്ക്, അബോർ മൈനോക്ക് എന്നിവയുൾപ്പെടെ നിരവധി അപരനാമങ്ങളും ഇയാൾക്കുണ്ടായിരുന്നു.