വാഷിംഗ്‌ടൺ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ലഘൂകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചുവെന്ന് വീണ്ടും അവകാശവാദവുമായി യുഎസ്. യുഎൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കവേയാണ് വാഷിംഗ്‌ടൺ പ്രതിനിധി അംബാസഡർ ഡൊറോത്തി ഷിയയുടെ പരാമർശം. ദക്ഷിണ ചൈനാ കടലിൽ ചൈന നടത്തുന്ന അവകാശവാദങ്ങളെയും അവ നടപ്പിലാക്കാൻ സ്വീകരിക്കുന്ന മാർഗങ്ങളെയും യുഎസ് അപലപിച്ചു.
15 രാജ്യങ്ങളുടെ കൗൺസിലിൽ നിലവിൽ സ്ഥിരാംഗമല്ലാത്ത പാകിസ്ഥാൻ ആണ് ജൂലായ് മാസത്തെ യുഎൻ ബോഡിയുടെ പ്രസിഡന്റ്. 'ബഹുരാഷ്ട്രവാദത്തിലൂടെയും തർക്കങ്ങളുടെ സമാധാനപരമായ പരിഹാരത്തിലൂടെയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുക', 'ഐക്യരാഷ്ട്രസഭയും പ്രാദേശിക, ഉപ-പ്രാദേശിക സംഘടനകളും തമ്മിലുള്ള സഹകരണം' എന്നീ വിഷയങ്ങളിൽ രണ്ട് പരിപാടികൾ പാകിസ്ഥാൻ സംഘടിപ്പിക്കുന്നുണ്ട്. ഇവയിലൊന്നിൽ നടന്ന തുറന്ന ചർച്ചയിലാണ് യുഎസിന്റെ പുതിയ അവകാശവാദം.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇസ്രയേൽ-ഇറാൻ, കോംഗോ-റുവാണ്ട, ഇന്ത്യ-പാകിസ്ഥാൻ എന്നിവർ തമ്മിലെ സംഘർഷം ലഘൂകരിക്കാൻ സാധിച്ചുവെന്നാണ് ചർച്ചയ്ക്കിടെ യുഎസ് പ്രതിനിധി പറഞ്ഞത്. ഇത്തരം രാജ്യങ്ങൾക്ക് സംഘർഷങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിൽ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് മുഖ്യ പങ്ക് വഹിച്ചുവെന്നും പ്രതിനിധി വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘർഷം പരിഹരിക്കാൻ മദ്ധ്യസ്ഥത വഹിച്ചതായി നിരവധി തവണ ട്രംപും ട്രംപ് ഭരണകൂടവും അവകാശവാദം ഉന്നയിച്ചിരുന്നു.
യുഎസിന്റെ അവകാശവാദത്തിൽ യുഎന്നിൽ ഇന്ത്യൻ പ്രതിനിധി പർവ്വതനേനി ഹരീഷ് പ്രതികരണം അറിയിക്കുകയും ചെയ്തു. 'തർക്ക പരിഹാരത്തിന് ഒരു മാനദണ്ഡ സമീപനം ഇല്ല. അത്തരം ശ്രമങ്ങൾ പരിഗണിക്കുമ്പോൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും സന്ദർഭങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രമെന്ന നിലയിലും ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗമെന്ന നിലയിലും കൂടുതൽ സമാധാനപരവും സമൃദ്ധവും നീതിയുക്തവുമായ ഒരു ലോകത്തിനായി കൂട്ടായി പ്രവർത്തിക്കുന്നതിൽ പങ്കാളിയാണ് ഇന്ത്യ. പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയിൽ എപ്പോഴും ക്രിയാത്മകമായി ഇന്ത്യ ഇടപെടുകയും ചെയ്യുന്നു'- എന്നായിരുന്നു ഇന്ത്യൻ പ്രതിനിധിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |