
ബംഗളൂരു: കരിമ്പ് വില വർദ്ധന ആവശ്യപ്പെട്ട് കർഷകരുടെ നേതൃത്വത്തിൽ നടന്ന സമരം അക്രമാസക്തമായി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മുധോളിൽ നടന്ന സമരത്തിൽ 96 ട്രാക്ടറുകൾക്ക് തീയിട്ടു. പഞ്ചസാര ഫാക്ടറികളിലേക്ക് കരിമ്പുമായി എത്തിയ ട്രാക്ടറുകളാണ് തീയിട്ടത്. 350 ടണ്ണോളം കരിമ്പ് കത്തിനശിച്ചതായാണ് കണക്ക്.
വ്യാഴാഴ്ച വൈകിട്ടോടെയാണ് ട്രാക്ടറുകൾക്ക് തീയിട്ടത്. രാത്രിയെത്തിയ ട്രാക്ടറുകൾക്കും തീയിട്ടു. എന്നാൽ ട്രാക്ടറുകൾക്ക് തീയിട്ടത് സമരക്കാരല്ലെന്ന് കർഷക നേതാക്കൾ പറയുന്നു. മുധോളിലെ സമീർവാഡിയിലുള്ള ഫാക്ടറിയുടെ മുന്നിലായിരുന്നു അക്രമം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സ്ഥലത്തെത്തിയ കരിമ്പുകൃഷി വികസന വകുപ്പ് മന്ത്രി ശിവാനന്ദ് പാട്ടീൽ പറഞ്ഞു. ആരാണ് സംഭവത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു ടൺ കരിമ്പിന് 3500 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഫാക്ടറി ഉടകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് കർഷകർ സമരം ആരംഭിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് ബെലഗാവിയിലും സമീപത്തും നടത്തിയ സമരം സർക്കാർ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. ഫാക്ടറി ഉടമകളുമായി മുഖ്യമന്ത്രി സിദ്ദരാമയ്യ നടത്തിയ ചർച്ചയിൽ കരിമ്പുവിലെ ടണ്ണിന് 3300 രൂപയായി നിശ്ചയിച്ചതോടെയായിരുന്നു സമരം അവസാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |