
89 സീറ്റുമായി ബി.ജെ.പി വലിയ കക്ഷി
85 സീറ്റ്, വീണ്ടും മുഖ്യനാകാൻ നിതീഷ്
6 സീറ്റിൽ തറപറ്റി കോൺഗ്രസ്
25ൽ ഒതുങ്ങി ആർ.ജെ.ഡി
ന്യൂഡൽഹി: പ്രതിപക്ഷ മഹാസഖ്യത്തെ നിഷ്‌പ്രഭമാക്കി മഹാവിജയം നേടിയ എൻ.ഡി.എയ്‌ക്ക് ബിഹാറിൽ തുടർഭരണം. 243 അംഗ നിയമസഭയിൽ എൻ.ഡി.എയക്ക് 202 സീറ്റുകൾ. 89 സീറ്റു നേടിയ ബി.ജെ.പി ഏറ്റവും വലിയ കക്ഷി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ.ഡി.യുവിന് 85 സീറ്റ്.
വിജയത്തിൽ നിർണായക പങ്കുവഹിച്ച നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കും. അദ്ദേഹത്തിന്റെ ആറാമത്തെ തുടർ ഭരണമായിരിക്കും. ലോക്ജന ശക്തി പാർട്ടി(എൽ.ജെ.പി-19),ഹിന്ദുസ്ഥാൻ അവാമി മോർച്ച(5), രാഷ്‌ട്രീയ ലോക് മോർച്ച(4) എന്നീ സഖ്യകക്ഷികൾക്കും എൻ.ഡി.എ വിജയത്തിൽ നിർണായക പങ്ക്.
2020ലെ ഏറ്റവും വലിയ കക്ഷിയായിരുന്ന ആർ.ജെ.ഡി എഴുപത്തിയഞ്ച് സീറ്റിൽ നിന്ന്
25ലേക്ക് കൂപ്പുകുത്തിയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. 19 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ആറിലേക്ക് ഒതുങ്ങിയതോടെ തകർച്ച പൂർണമായി. മൂന്ന് സീറ്റിൽ ഒതുങ്ങി ഇടതു പാർട്ടികളും നിരാശപ്പെടുത്തി. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം നേടിയ 6 സീറ്റുകൾ മഹാസഖ്യത്തിന്റെ മുസ്ളീം വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തി.
വോട്ട് കൊള്ള ചീറ്റി
വോട്ട് ബാങ്കിൽ വിള്ളൽ
രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണങ്ങൾ വോട്ടായി മാറിയില്ല. വോട്ട് കൊള്ള പ്രചരിപ്പിച്ച വോട്ടർ അധികാർ യാത്രയ്‌ക്ക് ശേഷം രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഒന്നിച്ചത് മാസങ്ങൾക്ക് ശേഷം.
സീറ്റ് വിഭജന തർക്കങ്ങൾ നീണ്ടു, തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിലെ തർക്കം അണികളെ ബാധിച്ചു.
എസ്.ഐ.ആറിനെതിരെയുള്ള ആരോപണങ്ങൾ തിരിഞ്ഞു കുത്തി.
ആർ.ജെ.ഡിയെ മുൻപ് തുണച്ച മുസ്ളീം-യാദവ വോട്ട് ബാങ്കിൽ വിള്ളൽ. മറ്റു വിഭാഗങ്ങൾ മഹാസഖ്യത്തെ തഴഞ്ഞു. മിഥിലാഞ്ചൽ, മഗധ് മേഖലകളിൽ എ.ഐ.എം.ഐ.എം മുസ്ളീം വോട്ടുകൾ ഭിന്നിപ്പിച്ചു.
മുകേഷ് സാഹിനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി, ഇന്ത്യൻ ഇൻക്ലൂസീവ് പാർട്ടി എന്നിവയ്‌ക്ക് പ്രതീക്ഷിച്ച പിന്നാക്ക വോട്ടുകൾ പിടിക്കാൻ കഴിഞ്ഞില്ല.
മഹാസഖ്യത്തിന്റെ തൊഴിൽ വാഗ്‌ദാനം യുവ വോട്ടർമാരെ ആകർഷിച്ചില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വീകാര്യത നേടിയെങ്കിലും വോട്ടർമാർ വിശ്വസിച്ചത് നിതീഷിന്റെ വികസന-സാമൂഹ്യക്ഷേമ പദ്ധതികളെ.
ക്ഷേമം, വികസനം
എൻ.ഡി.എയുടെ നേട്ടം
1 മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വികസന നായക പ്രതിച്ഛായ. സൗജന്യ വൈദ്യുതി, സാമൂഹിക പദ്ധതികൾ എന്നിവയുടെ സ്വാധീനം
2 അതിപിന്നാക്ക വിഭാഗങ്ങൾ ഒപ്പം നിന്നു. എൽ.ജെ.പി, ഹിന്ദുസ്ഥാനി അവാം മോർച്ച, ആർ.എൽ.പി എന്നീ സഖ്യകക്ഷികളിലൂടെ ദളിത് പിന്തുണ ഉറപ്പാക്കി
3 ആർ.ജെ.ഡി ജയിച്ചാൽ 'കാട്ടുഭരണം', കുടിയേറ്റ പ്രശ്‌നം ക്രമസമാധാന തകർച്ച, സ്‌ത്രീകൾക്കു നേരെ അതിക്രമം എന്ന പ്രചാരണം ഫലം കണ്ടു.
നിതീഷിനെ പുണർന്ന നാരീശക്തി
റെക്കോഡ് പോളിംഗ് നടന്ന ബീഹാറിൽ നിതീഷ് സർക്കാരിന് റെക്കോഡ് ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച നൽകിയത് സ്ത്രീവോട്ടുകൾ. ഇത്തവണ പുരുഷന്മാരെക്കാൾ 5 ശതമാനം സ്ത്രീകൾ കൂടുതലായി വോട്ടുചെയ്തു.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കഴിഞ്ഞ സെപ്തംബറിൽ പ്രധാനമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത രണ്ട് വമ്പൻ പദ്ധതികൾ സ്ത്രീകളെ കൂട്ടത്തോടെ ബൂത്തിലെത്തിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 75 ലക്ഷം സ്ത്രീകൾക്ക് വർഷം 10,000 രൂപ നൽകുന്ന'മുഖ്യമന്ത്രി റോസ്ഗർ യോജന', സ്ത്രീ സംരംഭകർക്ക് പലിശയില്ലാവായ്പയും തൊഴിൽ പരിശീലനവും നൽകുന്ന 'ലഖ്പതി ദീദി' എന്നിവയാണവ. ദരിദ്ര സ്ത്രീകൾക്ക് ഉപജീവനം കണ്ടെത്താൻ മുടങ്ങിക്കിടന്ന ജീവിക പദ്ധതിയും നിതീഷ് പുനരുജ്ജീവിപ്പിച്ചു.
ബീഹാറിലെ
യുവാക്കൾക്കും
സ്ത്രീകൾക്കും
സമൃദ്ധമായ ജീവിതം ഉറപ്പാക്കും.
എൻ.ഡി.എയ്‌ക്ക്
ചരിത്ര വിജയം
നൽകി അനുഗ്രഹിച്ച എന്റെ
കുടുംബാംഗങ്ങൾക്ക് നന്ദി
- പ്രധാനമന്ത്രി
നരേന്ദ്രമോദി
ഫലം ഞെട്ടിക്കുന്നത്. തുടക്കം മുതൽ
നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പായിരുന്നു. മഹാസഖ്യത്തിന് വോട്ടിട്ടവർക്ക് നന്ദി.
- രാഹുൽ ഗാന്ധി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |