
ചെന്നെെ: മലയാളി താരം സഞ്ജു സാംസണെ ടീമിലെത്തിച്ചെങ്കിലും അടുത്ത സീസണിൽ ചെന്നെെ സൂപ്പർ കിംഗ്സിനെ താരം നയിക്കില്ല. ടീമിനെ ഋതുരാജ് ഗെയ്ക്‌വാദ് തന്നെ നയിക്കുമെന്നാണ് വിവരം. ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഞ്ജു ചെന്നെെ ക്യാപ്റ്റനായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ചെന്നെെ വിഷയത്തിൽ വ്യക്തതവരുത്തിയത്.
'ക്യാപ്റ്റൻ ഋതുരാജ് ' എന്ന കുറിപ്പോടെ അദ്ദേഹത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. 2024 സീസൺ മുതൽ ഗെയ്ക്‌വാദ് ആണ് സിഎസ്‌കെയെ നയിച്ചത്. എന്നാൽ കഴിഞ്ഞ സീസണിൽ ഗെയ്ക്‌വാദ് പരിക്കേറ്റ് പുറത്തായതോടെ എംഎസ് ധോണി നായകനായി തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഋതുരാജിനെ തന്നെ ക്യാപ്റ്റനാക്കി വ്യക്തത വരുത്തിയിരിക്കുകയാണ് ചെന്നെെ.
കഴിഞ്ഞ സീസൺ അവസാനിച്ചതിന് പിന്നാലെ രാജസ്ഥാൻ റോയൽസിനോട് തന്നെ റിലീസ് ചെയ്യണമെന്ന് സഞ്ജു സാംസൺ ആവശ്യപ്പെട്ടിരുന്നു. അപ്പോൾ മുതൽ താരം ടീം വിട്ടേക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തന്നെയാകും താരത്തിന്റെ കൂടുമാറ്റമെന്നും ഉറപ്പായിരുന്നു. പിന്നീട് ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, കൊൽക്കത്ത നൈറ്റ്‌റൈഡേഴ്സ്, മുംബയ് ഇന്ത്യൻസ് എന്നീ ടീമുകൾക്കും സഞ്ജുവിന് ഒപ്പം കൂട്ടാൻ താത്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചമുതലാണ് സഞ്ജുവിന്റെ സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റം വീണ്ടും ചർച്ചയായത്. സഞ്ജു സാംസണെ കൈമാറുന്നതിന് പകരമായി രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡിവാൾഡ് ബ്രെവിസ് എന്നിവരെ രാജസ്ഥാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബ്രെവിസിനെ വിട്ടുനൽകാൻ ചെന്നൈ ഒരുക്കമായിരുന്നില്ല. ഇതോടെയാണ് ചർച്ചകൾ സാം കറനിലേക്ക് എത്തിയത്. രണ്ട് ദിവസം മുമ്പ് തന്നെ രാജസ്ഥാനും ചെന്നൈയും ഡീൽ ഉറപ്പിച്ചിരുന്നു. എന്നാൽ സാങ്കേതികമായ ചില കാര്യങ്ങളെത്തുടർന്നാണ് സ്ഥിരീകരണം വൈകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |