
പാട്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയേറ്റതിന് പിന്നാലെ ആർ.ജെ.ഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിലും പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. ലാലുവിന്റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് എക്സിൽ കുറിച്ചു. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും അവർ സൂചിപ്പിച്ചു. ഞാൻ രാഷ്ട്രീയം വിടുകയാണ്, കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ്. അങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാൻ ഏറ്റെടുക്കുകയാണ്, എന്നായിരുന്നു രോഹിണി കുറിച്ചത്.
ഡോക്ടർ കൂടിയായ രോഹിണി 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിലെ സരൺ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു. എന്നാൽ ബി.ജെ.പിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടു. നേരത്തെ ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ജൻശക്കി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിന് ഇറങ്ങി. എന്നാൽ പരാജയമായിരുന്നു ഫലം. രാഘോപുരിൽ സഹോദരൻ തേജസ്വിക്കെതിരെയും തേജ് പ്രതാപ് സ്ഥാനാർത്ഥിയെ നിറുത്തിയിരുന്നു, തേജ് പ്രതാപിനെ പുറത്താക്കിയതിൽ രോഹിണി അതൃപ്തയായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതും രോഹിണിയുടെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. അതേസമയം സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണ് രോഹിണിയുടെ നടപടിയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |