മണപ്പുറം ഫിനാൻസിനെ ഏറ്റെടുക്കാനൊരുങ്ങി അമേരിക്കൻ കമ്പനി ബെയിൻ കാപിറ്റൽ

Tuesday 25 February 2025 2:48 AM IST

കൊച്ചി: തൃശൂ‍ർ ആസ്ഥാനമായ മണപ്പുറം ഫിനാൻസിനെ ഏറ്റെടുക്കാനൊരുങ്ങി അമേരിക്കൻ ഇക്വിറ്റി കമ്പനിയായ ബെയിൻ കാപിറ്റൽ. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വർണ പണയ കമ്പനിയുടെ 46ശതമാനത്തോളം ഓഹരികളാണ് ബെയിൻ വാങ്ങുന്നതെന്നാണ് സൂചന. 2024 നവംബറിലാണ് ഓഹരി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചത്. എത്രരൂപയുടേതാണ് ഇടപാടെന്ന് വ്യക്തമായിട്ടില്ല. വി.പി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് മണപ്പുറം ഫിനാൻസ്. മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ നന്ദകുമാറിന് 35.25 ശതമാനം ഓഹരിയാണ് ഉള്ളത്. ഏകദേശം 10000 കോടി രൂപയുടെ ഇടപാടാണ് നടക്കാൻ പോകുന്നതെന്നാണ് സൂചന. ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 44,​217 കോടി രൂപയാണ് മണപ്പുറത്തിന്റെ ആസ്തി. ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കേരളത്തിൽ നിന്നുള്ള കമ്പനികളിലൊന്നാണ് മണപ്പുറം ഫിനാൻസ്.