അഞ്ചാംദിനവും നഷ്ടക്കച്ചവടം!

Tuesday 25 February 2025 1:57 AM IST

കൊച്ചി: പുതിയ ആഴ്ചയുടെ തുടക്കവും വിപണിക്ക് പ്രതീക്ഷയേകിയില്ല. തുടർച്ചയായ അഞ്ചാംദിനവും നഷ്ടത്തിലവസാനിച്ച് ഇന്ത്യൻ ഓഹരിവിപണി. സെൻസെക്‌സ് 856 പോയിന്റിലേറെ ഇടിഞ്ഞ് 74,454 നിലവാരത്തിലെത്തി. നിഫ്റ്റി 242 പോയിന്റ് ഇടിഞ്ഞ് 22,553 നിലവാരത്തിലെത്തി. വിപ്രോ, എച്ച്‌.സി.എൽ ടെക്‌നോളജീസ്, ഇൻഫോസിസ്, ടി.സി.എസ്, ടാറ്റ സ്റ്റീൽ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ട കമ്പനികൾ. വിപണി കനത്ത തകർച്ച നേരിട്ടതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 5.07 ലക്ഷം രൂപ കുറഞ്ഞു. നിഫ്റ്റിയിൽ ഒരു ഇടിവ് കൂടി സംഭവിച്ചാൽ 28 വർഷത്തെ ഏറ്റവും വലിയ തകർച്ചയാവുമത്. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയെ കൈവിട്ട് ചൈനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഓഹരിവിപണിയിലെ ഈ കനത്ത ഇടിവ് തുടരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഫെബ്രുവരിയിൽ ഇതുവരെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ 23,710 കോടി രൂപ പിൻവലിച്ചു. 2025ൽ ഇതുവരെ 1,01,737 കോടി രൂപയാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തേക്കൊഴുകിയത്.

ട്രംപ് ഉയർത്തിയ വെല്ലുവിളി

രൂപയുടെ മൂല്യത്തകർച്ച, യുഎസ് ഡോളർ കരുതൽ ശേഖരത്തിലെ ഇടിവ്, ദുർബലമായ മൂന്നാം പാദ ഫലങ്ങൾ തുടങ്ങിയവയും വിപണിക്ക് പ്രതികൂലമായി.

ഡോണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയെ തുടർന്നുള്ള ആശങ്ക

യുഎസിൽ പണപ്പെരുപ്പം കൂടിയേക്കാമെന്ന റിപ്പോർട്ട്

റഷ്യ-ഉക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ