
ട്രംപിന്റെ തീരുവ ഭീഷണിയിൽ ആശങ്ക
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം ആഗോള വ്യാപാര യുദ്ധം വീണ്ടും ശക്തമാക്കുന്നു. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവയാണ് ട്രംപ് ഇന്നലെ പ്രഖ്യാപിച്ചത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇറാൻ തീരുവ പ്രതികൂലമായി ബാധിക്കും. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങൽ തുടരുന്നതിനാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 500 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് ഭരണകൂടം ഭീഷണി ഉയർത്തിയിരുന്നു.
ഇറാനുമായി വ്യാപാരബന്ധമുള്ള ഇന്ത്യ, ചൈന, തുർക്കി, യു.എ.ഇ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപ് പുതിയ പോർമുന തുറക്കുന്നത്. ഇറാനിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന ചൈനയെയാണ് തീരുമാനം ഏറെ ബാധിക്കുക. അമേരിക്കൻ നീക്കം നേരിടാൻ ചൈന സ്വീകരിക്കുന്ന നിലപാടാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. ഇറാനുമായി കാര്യമായ വ്യാപാര ബന്ധം ഇന്ത്യയ്ക്കില്ല. അരി, മരുന്നുകൾ എന്നിവയാണ് പ്രധാനമായും ഇറാനിലേക്ക് ഇന്ത്യ കയറ്റി അയക്കുന്നത്. മാനുഷിക പരിഗണനയാൽ ഇവയുടെ കയറ്റുമതിക്ക് തടസമുണ്ടായേക്കില്ല.
ഇന്ത്യൻ ഓഹരികളിൽ തകർച്ച
തീരുവ യുദ്ധ ആശങ്കയിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കനത്ത വിൽപ്പന സമ്മർദ്ദത്തിലായി. ഒരവസരത്തിൽ സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞിരുന്നു. വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്‌സ് 250.48 പോയിന്റ് നഷ്‌ടത്തോടെ 83,627.69ൽ എത്തി. നിഫ്‌റ്റി 57.95 പോയിന്റ് ഇടിഞ്ഞ് 25,732.30ൽ അവസാനിച്ചു. വാഹന, ഐ.ടി, ഫാർമ മേഖലകളിലെ ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
വിൽപ്പന തുടർന്ന് വിദേശ നിക്ഷേപകർ
പുതുവർഷത്തിലും വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലെ വിൽപ്പന സമ്മർദ്ദം തുടരുകയാണ്. തിങ്കളാഴ്ച മാത്രം 3,638.40 കോടി രൂപയാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്. കഴിഞ്ഞ വർഷം 1.65 ലക്ഷം കോടി രൂപയുടെ ഓഹരികൾ വിദേശ ഫണ്ടുകൾ വിറ്റുമാറിയിരുന്നു.
രൂപയ്ക്കും അടിതെറ്റുന്നു
വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയ്ക്കും സമ്മർദ്ദം ശക്തമാക്കുന്നു. കോർപ്പറേറ്റുകൾ വലിയ തോതിൽ ഡോളർ വാങ്ങിയിട്ടും റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടില്ല. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ കുറഞ്ഞ് 90.21ൽ അവസാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |