
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) സാങ്കേതികവിദ്യയും ജെൻസി തലമുറയുടെ മനോഭാവ മാറ്റങ്ങളും സൃഷ്‌ടിക്കുന്ന വെല്ലുവിളികളെ മറികടന്ന് വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്(എസ്.ഐ.ബി). എ.ഐ ഫലപ്രദമായി ഉപയോഗിച്ച് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ വരുത്താനാണ് ലക്ഷ്യമെന്ന് എസ്.ഐ.ബിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (സി.ഒ.ഒ ) ടി. ആന്റോ ജോർജ് പറഞ്ഞു. തൃശൂർ ആസ്ഥാനമായ എസ്.ഐ.ബിയുടെ പുതിയ പാതയെ കുറിച്ച് 'കേരള കൗമുദിയോട് അദ്ദേഹം സംസാരിക്കുന്നു.
# സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ
മറ്റ് ബാങ്കുകളൾക്ക് മുൻപ് തന്നെ കോർ ബാങ്കിംഗിന് തുടക്കമിട്ട എസ്.ഐ.ബി വായ്‌പ വിതരണം, നിക്ഷേപ സമാഹരണം എന്നിവയിൽ സാങ്കേതിവിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിക്കുന്നു. അക്കൗണ്ട് ആരംഭിക്കുന്നതു മുതൽ കെ.വൈ.സി വരെ ഓൺലൈനായി ചെയ്യാം. വാഹനവായ്‌പയ്ക്കായുള്ള പവർഡ്രൈവ് സംവിധാനം പൂർണമായും ഡിജിറ്റലാണ്. ആധാർ ഒ.ടി.പി വഴിയാണ് പ്രവർത്തനം. ആർ.ടി.ഒ രേഖയിലൊഴികെ കസ്റ്റമർ നേരിൽ ഒപ്പിടേണ്ട. വായ്‌പാ നടപടികൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കും. രേഖകൾ വിലയിരുത്തി അർഹത നിശ്ചയിക്കാൻ എ.ഐയും ഉപയോഗിക്കുന്നു.
# സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം
മിറർ പ്ളസ് ആപ്പിൽ ഇ ലോക്ക് സംവിധാനമുള്ളതിനാൽ പാസ്‌വേഡ് മറ്റൊരാക്കൾക്ക് ലഭിച്ചാലും പണമിടപാട് നടത്താനാകില്ല. ഇ ലോക്ക് തുറക്കാൻ ഉടമയ്‌ക്ക് മാത്രമേ കഴിയൂ. തട്ടിപ്പ് തടയുന്ന കോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കുന്നു. അസാധാരണ നീക്കം കണ്ടാൽ കസ്റ്റമറെ തൽസമയം അറിയിക്കും.
# ജെൻസി തലമുറയുടെ വായ്പ, നിക്ഷേപ പ്രവണത
ആസ്‌തി സ്വന്തമാക്കാനും ചെറുപ്പത്തിൽ തന്നെ വീട് വാങ്ങുന്നതിനും ജെൻസിക്ക് താത്പര്യമേറെയാണ്. ബാങ്കിൽ വരാൻ താല്പര്യമില്ലാത്തതിനാൽ ഡിജിറ്റൽ ഇടപാടുകൾക്കാണ് പ്രാധാന്യം. സ്ഥലം, ഫ്ളാറ്റ് എന്നിവ വാങ്ങാനാണ് കൂടുതൽ താല്പര്യം. വാഹന, വ്യക്തിഗത വായ്‌പകൾക്കും ആവശ്യക്കാർ കൂടുന്നു.
# സ്വർണ വിലക്കുതിപ്പിന്റെ പ്രത്യാഘാതം
സ്വർണപ്പണയ വായ്‌പയിൽ 39 ശതമാനം വർദ്ധനയുണ്ട്. വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഗ്രാമിന് നൽകുന്ന തുക നിശ്ചയിക്കുന്നത്. വിലയിലെ മാറ്റങ്ങൾ വായ്‌പാ വിതരണത്തെ ബാധിക്കില്ല.
# നൂറാം വർഷ പദ്ധതികൾ
നിലവിൽ 948 ശാഖകളുണ്ട്. ശതാബ്ദിവർഷമായ 2029ൽ 250 പുതിയ ശാഖകൾകൂടി തുറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |