കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ ആശങ്കയിൽ നിക്ഷേപകർ വിൽപ്പന സമ്മർദ്ദം ശക്തമാക്കിയതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു. മുഖ്യ സൂചികയായ
സെൻസെക്സ് ഇന്നലെ 961.41 പോയിന്റ് ഇടിഞ്ഞ് 81,287ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്റ്റി 317.9 പോയിന്റ് നഷ്‌ടത്തോടെ 25,179ൽ അവസാനിച്ചു. റിയൽറ്റി, കൺസ്യൂമർ ഗുഡ്‌സ്, ധനകാര്യ മേഖലയിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭാരതി എയർടെൽ എന്നിവയുടെ ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദ്ദമുണ്ടായി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിലും കനത്ത തകർച്ചയുണ്ടായി.
ഇറാനെതിരെ അമേരിക്കയുടെ സൈനിക നടപടി ഉടനുണ്ടാകുമെന്ന ആശങ്കയിൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായി. ക്രൂഡോയിൽ വിലയിലെ കുതിപ്പും നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതിനാൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെയുണ്ടായ ഇടിവ്
3.5 ലക്ഷം കോടി രൂപ
ആഗോള വിപണികളും അടിതെറ്റി
അമേരിക്കയും ഇറാനുമായുള്ള ആണവ ചർച്ചകൾ ഇന്നലെ തീരുമാനമില്ലാതെ അവസാനിച്ചതോടെ ആഗോള വിപണികളെല്ലാം കനത്ത വിൽപ്പന സമ്മർദ്ദത്തിലായി. വ്യാഴാഴ്ച യു.എസ് ഓഹരികളിലുണ്ടായ തകർച്ചയുടെ പ്രകമ്പനങ്ങൾ ഏഷ്യയിലെയും യൂറോപ്പിലെയും സൂചികകളിലും ദൃശ്യമായി.
ഐ.ടി ഓഹരികൾ കൈയൊഴിഞ്ഞ് നിക്ഷേപകർ
നടപ്പുവാരം ഐ.ടി കമ്പനികളുടെ ഓഹരികളിൽ കനത്ത ഇടിവുണ്ടായി. എ.ഐയുടെ പ്രത്യാഘാതങ്ങൾ കമ്പനികളുടെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകർ ഓഹരികൾ വിറ്റൊഴിഞ്ഞത്. രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ ഓഹരി വിലയിൽ ഒരു മാസത്തിനിടെ 20 ശതമാനം ഇടിവുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |