
ജി.ഡി.പി വളർച്ച നിരക്കിൽ ലോകത്ത് ഒന്നാമത്
കൊച്ചി: ആഗോള മേഖലയിലെ രൂക്ഷമായ അനിശ്ചിതത്വങ്ങളും ഡൊണാൾഡ് ട്രംപിന്റെ തീരുവ വെല്ലുവിളികളും മറികടന്ന് ഇന്ത്യൻ സാമ്പത്തിക മേഖല ശക്തമായ വളർച്ചയോടെ മുന്നേറ്റം തുടരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ(ജി.ഡി.പി) 7.8 ശതമാനം വർദ്ധന നേടിയതോടെ ലോകത്തിലെ ഏറ്റവും മികച്ച വളർച്ചാ നിരക്കുള്ള രാജ്യമെന്ന പദവി നടപ്പുവർഷവും ഇന്ത്യ നിലനിറുത്തുമെന്ന് ഉറപ്പായി. നടപ്പുവർഷം ഇന്ത്യയുടെ വളർച്ച 7.6 ശതമാനമാകുമെന്നാണ് വിലയിരുത്തൽ. അടിസ്ഥാന വർഷം 2022-23ലേക്ക് പുതുക്കി നിശ്ചയിച്ച സീരീസായതിനാൽ ഇത്തവണത്തെ കണക്കുകൾ സമഗ്രവും കൃത്യതയേറിയതാണെന്നും വിലയിരുത്തുന്നു. ഒക്ടോബർ-ഡിസംബർ കാലയളവിൽ റിയൽ ജി.ഡി.പി മുൻവർഷത്തെ 78.41 ലക്ഷം കോടി ഡോളറിൽ നിന്നും 84.54 ലക്ഷം കോടി ഡോളറിലേക്കാണ് ഉയർന്നത്. നടപ്പുസാമ്പത്തിക വർഷത്തെ സമ്പൂർണ കാലയളവിൽ റിയൽ ജി.ഡി.പി 322.58 ലക്ഷം കോടി ഡോളറാകുമെന്നാണ് അനുമാനം.
മാനുഫാക്ചറിംഗ് മേഖലയാണ് ഇന്ത്യൻ സാമ്പത്തിക വളർച്ചയ്ക്ക് കരുത്താകുന്നത്. സെക്കന്ററി, ടെർഷറി മേഖലകൾ ഒൻപത് ശതമാനത്തിലധികം വളർച്ച നേടി.
2026-27 വർഷം പ്രതീക്ഷിക്കുന്ന വളർച്ച
7 ശതമാനം മുതൽ 7.4 ശതമാനം വരെ
വിവിധ മേഖലകളുടെ ശക്തമായ അടിത്തറയുടെ പിന്തുണയിൽ ഇന്ത്യൻ സാമ്പത്തിക മേഖല കരുത്തോടെ മുന്നേറുകയാണ്
വി. അനന്ത നാഗേശ്വരൻ
മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്
ധനകമ്മി ഉയരുന്നു
ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒൻപത് മാസത്തിൽ ഇന്ത്യയുടെ ധനകമ്മി മൊത്തം ലക്ഷ്യത്തിന്റെ 63 ശതമാനമായ 9.8 ലക്ഷം കോടി രൂപയായി ഉയർന്നു. നികുതി വരുമാനം മുൻവർഷം ഇതേകാലയളവിലെ 19 ലക്ഷം കോടി രൂപയിൽ നിന്ന് 20.94 ലക്ഷം കോടി രൂപയായി, നികുതി ഇതര വരുമാനം 4.7 ലക്ഷം കോടി രൂപയിൽ നിന്ന് 5.57 ലക്ഷം കോടി രൂപയായി. സർക്കാർ ചെലവുകൾ ഇക്കാലയളവിൽ 35.7 ലക്ഷം കോടി രൂപയിൽ നിന്ന് 36.9 ലക്ഷം കോടി രൂപയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |