#പാചകവാതക വില# സമരം ശക്തമാക്കാൻ കെ.എച്ച്.ആർ.എ

Friday 15 May 2026 12:55 AM IST

കൊച്ചി : പാചകവാതക വില കുറയ്ക്കാനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കാൻ എറണാകുളത്തു ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ(കെ.എച്ച്.ആർ.എ) സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. വിലക്കയറ്റത്തിൽ വലയുന്ന ഹോട്ടൽ മേഖലയ്ക്ക് ഏറെക്കാലം മുന്നോട്ടുപോകാനാകില്ല. ഈ നില തുടർന്നാൽ അടച്ചുപൂട്ടേണ്ടിവരും. ഗാർഹിക മേഖലയുടെ ഭാരംകൂടി ഹോട്ടലുടമകൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. ഭക്ഷണസാധനങ്ങൾക്ക് ഒരു പരിധിയിലധികം വിലകൂട്ടാനാകാത്ത സാഹചര്യമാണ്. ഈ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുകയാണ് കേന്ദ്രസർക്കാർ. ജൂൺ ഒന്നിനകം പരിഹാരമുണ്ടായില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ സംഘടനകളുമായി യോജിച്ച് പാർലമെന്റ് മാർച്ച് അടക്കമുള്ള സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖ് എന്നിവർ അറിയിച്ചു.