റഷ്യ-യുക്രെയിൻ യുദ്ധത്തിൽ വഴിത്തിരിവ്: മൂന്ന് ദിവസത്തെ വെടിനിർത്തലെന്ന് പ്രഖ്യാപിച്ച് ട്രംപ് 

Saturday 09 May 2026 4:03 PM IST

വാഷിം​ഗ്‍ടൺ : നാല് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയിൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. മെയ് 9, 10,11 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിന്റെ സ്മരണ പുതുക്കുന്ന ‘വിക്ടറി ഡേ’ ആഘോഷങ്ങളുടെ ഭാഗമായാണ് വെടിനിർത്തലിന് ഇരു രാജ്യങ്ങളും സമ്മതിച്ചതെന്നാണ് ട്രംപിന്റെ വാദം.

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുക്രെയിൻ പ്രസിഡന്റ് ‍വൊളോഡിമിർ സെലെൻസ്‌കിയും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു. വെടിനിർത്തലിനൊപ്പം ഇരുരാജ്യങ്ങളും ബന്ദികളാക്കിവച്ച 1,000 പേരെ പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ട്. ഈ നടപടി യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇത് ഒരു നീണ്ട യുദ്ധത്തിന്റെ അവസാനത്തിന്റെ തുടക്കമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

വെള്ളി, ശനി ദിവസങ്ങളിൽ വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള യുദ്ധത്തിൽ യുക്രൈൻ പ്രതിരോധമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 13 ലക്ഷത്തിലധികം സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം പത്ത് ലക്ഷത്തോളം പേർക്ക് ജീവനാശം സംഭവിച്ചതായാണ് വിവരം.