ഇന്ത്യക്കാർ മനസുവച്ചാൽ ആഗോള സ്വർണവില കുത്തനെ ഇടിയും? മോദിയുടെ നിർദേശം പാലിച്ചാൽ വൻ നേട്ടമെന്ന് വിദഗ്ദ്ധർ
സ്വർണം ഏറ്റവുമധികം ഇഷ്‌ടപ്പെടുന്നവരാണ് ഇന്ത്യക്കാർ. വിവാഹം, കുഞ്ഞ് ജനിക്കുമ്പോൾ, അക്ഷയതൃതീയ തുടങ്ങിയ ഓരോ പ്രത്യേകദിവസങ്ങളിലും ഇന്ത്യക്കാർ സ്വർണാഭരണങ്ങൾ വാങ്ങുന്നു. ലോകത്ത് തന്നെ ഏറ്റവുമധികം സ്വർണം വാങ്ങുന്നവരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്. ആഗോള സ്വർണ ആവശ്യകതയുടെ ഏകദേശം 25 ശതമാനവും ഇന്ത്യയുടേതാണ്.
ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥനയുമായെത്തിയത്. അടുത്ത ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രാജ്യത്തെ ജനങ്ങൾ ഇങ്ങനെ ചെയ്‌താൽ ആഗോള സ്വർണവിലയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും എന്ത് മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്ന് പരിശോധിക്കാം.
എന്തുകൊണ്ട് സ്വർണം വാങ്ങരുതെന്ന് പറഞ്ഞു?
ദീർഘകാലമായി നിലനിൽക്കുന്ന പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ഭാഗമായാണ് ചില ചെലവുചുരുക്കൽ നടപടികൾ പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടത്. ആഗോള പ്രതിസന്ധി സമയത്ത് രാജ്യത്ത് സ്വർണ ഇറക്കുമതി ചെയ്യുന്നത് രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ അധിക സമ്മർദ്ദം ചെലുത്തുമെന്നാണ് മോദി പറഞ്ഞത്. അതിനാലാണ് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ഈ നിർദേശം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
മോദി പറഞ്ഞത് തെറ്റല്ലെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുനന്ത്. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്യുന്നു. 2025-26ൽ സ്വർണ ഇറക്കുമതി 24 ശതമാനം ഉയർന്ന് 71.98 ബില്യൺ ഡോളറിലെത്തി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022-23ലെ 35 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം ഇരട്ടിയായി. 2023-24 ൽ ഇറക്കുമതി ബിൽ 45.54 ബില്യൺ ഡോളറായിരുന്നു. വെറും രണ്ട് വർഷം കൊണ്ടാണ് ഈ വലിയ മാറ്റം.
2025-26ൽ 775 ബില്യൺ ഡോളറാണ് മൊത്തെ ഇറക്കുമതിക്കായി ചെലവായത്. ഇതിൽ 71.98 ബില്യൺ ഡോളർ സ്വർണം വാങ്ങി. 134.7 ബില്യൺ ഡോളറിന് ക്രൂഡ് ഓയിൽ വാങ്ങി. മൊത്തം ഇറക്കുമതി ബില്ലിന്റെ ഏകദേശം പത്ത് ശതമാനവും സ്വർണമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ, ഇന്ത്യക്കാർ സ്വർണം വാങ്ങുന്നത് കുറച്ചാൽ ഇന്ത്യയുടെ ഇറക്കുമതി ബില്ലും ഗണ്യമായി കുറയും. ഇത് ഇന്ത്യയുടെ വിദേശ കരുതൽ ശേഖരം സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ ഡാറ്റ വ്യക്തമാക്കുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് എന്ത് സംഭവിക്കും?
മോദിയുടെ നിർദേശം പാലിച്ചാൽ ഇന്ത്യക്കാർക്ക് വളരെയധികം നേട്ടമുണ്ടാകുമെന്നാണ് പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. ഇത് രൂപയുടെ മൂല്യം ശക്തിപ്പെടുത്താനും സഹായിക്കും. മാത്രമല്ല, സ്വർണം ഇറക്കുമതിക്കായി ഉപയോഗിക്കുന്ന പണം പശ്ചിമേഷ്യൻ യുദ്ധം കാരണം ചെലവേറിയ ക്രൂഡ് ഓയിൽ പോലുള്ള അവശ്യ ഊർജ ഇറക്കുമതികൾക്കായി ഉപയോഗിക്കാം. സ്വർണഉപഭോഗം പത്ത് ശതനമാനം കുറച്ചാലും അത് ഇന്ത്യയ്‌ക്ക് 7.2 ബില്യൺ ഡോളർ ലാഭമായിരിക്കും നൽകുക.
ആഗോള സ്വർണവില
ഇന്ത്യക്കാർ മോദിയുടെ നിർദേശം പാലിച്ചാൽ അത് ആഗോളസ്വർണവിലയെയും ബാധിക്കും. കാരണം ലോകത്ത് സ്വർണം ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത് ആഗോളവിലയിൽ കുറവുണ്ടാക്കിയേക്കാം. എന്നിരുന്നാലും ആഭ്യന്തര സ്വർണവില ഉയർന്ന നിലയിൽ തന്നെ തുടരാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രാജ്യത്ത് ഇറക്കുമതി കുറയുന്നതോടെ ആവശ്യക്കാർ കൂടുമെന്നതാണ് ഇതിന് കാരണം.
സ്വർണ വ്യവസായികളുടെ പ്രതികരണം
മോദിയുടെ പ്രഖ്യാപനം ദീഘകാലാടിസ്ഥാനത്തിൽ പാലിച്ചാൽ അത് പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ആഭരണ വ്യവസായികൾ പറയുന്നത്. ഒരു വർഷത്തേക്ക് ജനങ്ങൾ സ്വർമം വാങ്ങാതിരുന്നാൽ 35 ദശലക്ഷം ആളുകളുടെ തൊഴിൽ നഷ്‌ടപ്പെടുമെന്നാണ് ഓൾ ഇന്ത്യ ജുവലേഴ്‌സ് ആന്റ് ഗോൾഡ്‌സ്‌മിത്ത് ഫെഡറേഷൻ പറയുന്നത്.