
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കറായി ടിവികെയിലെ ജെ.സി.ഡി. പ്രഭാകർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രോ-ടെം സ്പീക്കർ എം.വി. കറുപ്പയ്യയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ എന്നിവർ ചേർന്നാണ് പുതിയ സ്പീക്കറെ സ്ഥാനത്തേയ്ക്ക് ആനയിച്ചത്. തുടർന്ന് നടന്ന ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിൽ ടിവികെ എംഎൽഎ എം. രവിശങ്കറും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
പതിറ്റാണ്ടുകളായി തമിഴ്‌നാട് രാഷ്ട്രീയത്തിലെ സുപരിചിത മുഖമാണ് ജെ.സി.ഡി. പ്രഭാകർ. നിലവിൽ ചെന്നൈ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിലെ എംഎൽഎയാണ് ഇദ്ദേഹം. ഡിഎംകെ സ്ഥാനാർത്ഥി ഡോ. എഴിലൻ നാഗനാഥനെ 12,000ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രഭാകർ നിയമസഭയിലെത്തിയത്.
എം.ജി.ആറിന്റെ കാലഘട്ടത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1980ൽ വില്ലിവാക്കത്ത് നിന്നാണ് ആദ്യമായി എഐഎഡിഎംകെ എംഎൽഎയായി നിയമസഭയിലെത്തുന്നത്. പിന്നീട് ജയലളിതയുടെ കാലത്തും പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. സർക്കാരുകളുടെ ഉയർച്ചയും താഴ്ചയും അധികാര കേന്ദ്രങ്ങളുടെ മാറ്റവും കണ്ട നേതാവ്.
2026 ജനുവരിയിലാണ് അദ്ദേഹം എഐഎഡിഎംകെ വിട്ട് വിജയ്‌യുടെ ടിവികെയിൽ ചേർന്നത്. ഭരണപരിചയമില്ലാത്ത ഒരു പുതിയ പാർട്ടി അധികാരത്തിലെത്തുമ്പോൾ സഭക്കുള്ളിൽ പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ നേരിടാൻ പരിചയസമ്പന്നനായ ഒരാൾ ആവശ്യമാണെന്ന വിജയ്‌യുടെ തിരിച്ചറിവാണ് ഈ നീക്കത്തിന് പിന്നിൽ. നിയമസഭാ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും കൃത്യമായി അറിയുന്ന പ്രഭാകറിന്റെ സാന്നിധ്യം വലിയ കരുത്താകുമെന്നാണ് ടിവികെയുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |