ഇനി തമിഴകത്ത് പഴയ രാഷ്‌ട്രീയമില്ല, വിജയ് തിരഞ്ഞെടുത്ത ആ പുത്തൻ വസ്‌ത്രം സൂചിപ്പിക്കുന്നത് ഇതെല്ലാമാണ്
ചെന്നൈ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഞായറാഴ്‌ച രാവിലെയോടെ നടൻ വിജയ് തമിഴ്‌നാടിന്റെ ഒൻപതാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. പൂർണമായും സിനിമാ മേഖലയിൽ നിന്നുമെത്തി മുഖ്യമന്ത്രിയാകുന്ന സംസ്ഥാനത്തെ മൂന്നാമത്തെയാളാണ് വിജയ്. വെറും രണ്ട് വർഷം മുൻപ് തന്റെ ഫാൻസ് അസോസിയേഷനുകളെ തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്‌ട്രീയ പാർട്ടിയാക്കി മാറ്റിയ താരത്തിന്റെ ഭരണരംഗത്തേക്കുള്ള ഉദയവും അതുമായി ബന്ധപ്പെട്ട മറ്റ് സംഭവങ്ങളും ശരിക്കും സിനിമ പോലെ ഉദ്വേഗം നിറഞ്ഞതായിരുന്നു.
സാധാരണഗതിയിൽ രാഷ്‌ട്രീയ രംഗത്തുള്ളവർ ധരിക്കുന്ന അലക്കി വെളുപ്പിച്ചതോ വടിവൊത്തതോ ആയ തൂവെള്ള വസ്‌ത്രങ്ങളൊന്നുമായിരുന്നില്ല താരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന് ധരിച്ചിരുന്നത്. എന്തിന് മുണ്ട് പോലുമല്ല. ഷാർപ് ബ്‌ളാക് സൂട്ടും വെള്ള ഷർട്ടും കറുത്ത പാന്റും ആണ് അദ്ദേഹം ധരിച്ചിരുന്നത്. പരമ്പരാഗത രാഷ്‌ട്രീയക്കാരൻ എന്ന ഇമേജിൽ നിന്നുള്ള പുറത്തുകടക്കലാകാം ഇതിലൂടെ വിജയ് ഉദ്ദേശിച്ചത്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഡിഎംകെ, എഐഡിഎംകെ പാർട്ടികളുടെ ഭരണമാണ് തമിഴ്‌നാടിൽ നടന്നത്. ഇതിൽനിന്നുമുള്ള പ്രകടമായ മാറ്റം കാണിക്കാൻ കൂടിയാകും ഔദ്യോഗിക ചടങ്ങിൽ പൂർണമായും ഫോർമലല്ലാത്ത ഇത്തരം വേഷരീതി വിജയ് സ്വീകരിച്ചത്. സോൾട് ആന്റ് പെപ്പർ മുഖവും തലയും കൂടിയായപ്പോൾ ഇതിന് ഏറെ പ്രാധാന്യം കൈവന്നു.
എന്നാൽ തന്റെ ദ്രാവിഡ രാഷ്‌ട്രീയത്തോടുള്ള അടുപ്പം കാണിക്കാൻ പെരിയാർ ഇവി രാമസ്വാമി നായ്‌ക്കരെപോലെ കറുപ്പ് വസ്‌ത്രം ധരിച്ചതാകാം അദ്ദേഹം എന്നും ചിലർ പറയുന്നുണ്ട്. കാര്യമെന്തായാലും അദ്ദേഹത്തിന്റെ ജയം പോലെ വസ്‌ത്ര ധാരണവും ചർച്ചകൾക്ക് കാരണമായി. ഒരു പുതുയുഗത്തിന്റെ തുടക്കമായും കോർപറേറ്റ്-പൊളിറ്റിക്കൽ ഹൈബ്രിഡ് നേതൃത്വത്തിന്റെ ചിഹ്നമാണ് വിജയ്‌യുടെ വേഷവിധാനമെന്നും ചിലർ വാദിക്കുന്നുണ്ട്.
ശരിക്കും സർക്കാരിന്റെ രൂപഘടന മുതൽ പതിവ് സംവിധാനത്തിൽ നിന്നുള്ള മാറ്റം കാണാനുണ്ട്. ശക്തമായ ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ ഭാഷ പറയുന്ന പരമ്പരാഗത രാഷ്‌ട്രീയ പാർട്ടികളായ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിൽ നിർത്തി താരതമ്യേന പുതുപുത്തൻ പാർട്ടിയായ വിജയ്‌യുടെ കൈയിലേക്ക് അധികാരത്തിന്റെ കസേര തമിഴ്‌ജനത വച്ചുനീട്ടാൻ കാരണം വിജയ് മുന്നോട്ടുവച്ച ആശയങ്ങളാണ്. വിഭജനത്തിന്റെ രാഷ്‌ട്രീയം വേണ്ട, ബിജെപിയുടെ ആശയം വേണ്ട എന്നിങ്ങനെ വാദിക്കുന്നു ടിവികെ. സാധാരണക്കാരന് വേണ്ടി, യുവാക്കൾക്ക് വേണ്ടി, സ്‌ത്രീകൾക്ക് വേണ്ടി, അടിസ്ഥാന വർഗത്തിന് വേണ്ടിയാണ് താൻ എന്ന് വിജയ് പറഞ്ഞത് തമിഴകം ഹൃദയത്തിൽ സ്വീകരിച്ചു. അദ്ദേഹം ഏതെങ്കിലും പ്രസ്‌ഥാനത്തിനൊപ്പം നിന്നില്ല, പുതുതായി ഒരെണ്ണം ആരംഭിക്കുകയാണ് ചെയ്‌തത്.
തനി സിനിമാ സ്‌റ്റൈലിൽ സത്യവാചകം കാണാതെ പറഞ്ഞതും ആവേശത്തോടെ അത് ചൊല്ലിയതും സത്യപ്രതിജ്ഞ കണ്ട ആയിരങ്ങൾ വിജയ്‌യെ ഹൃദയത്തിലേറ്റിയിട്ടുണ്ടാകും. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം നടന്ന സമ്മേളനത്തിൽ താനൊരു സാധാരണക്കാരനാണെന്നും ഒരുമയാണ് എല്ലാമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. 'ഞാനൊരു ദൈവദൂതനല്ല.ഒരു സാധാരണ മനുഷ്യനാണ്. പക്ഷെ ആളുകൾ എന്നോടൊപ്പം നിന്നാൽ എന്തും നമുക്ക് നേടാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.'-വിജയ് പറഞ്ഞു.
'ഞാനൊരു ധനികകുടുംബത്തിലെ അംഗമല്ല. ദാരിദ്രവും വിശപ്പുമെന്തെന്ന് എനിക്കറിയാം.നിങ്ങളിലൊരാളാണ് ഞാൻ. ഒരു അസിസ്റ്റന്റ് ഡയറക്‌ടറുടെ മകനായി ജനിച്ച് സിനിമയിൽ വിജയം കണ്ടയാളാണ് ഞാൻ'-വിജയ് പറഞ്ഞത് ഇങ്ങനെ.
തമിഴകത്തിൽ ദ്രാവിഡ രാഷ്‌ട്രീയ ശൈലിയിലെ വസ്‌ത്രധാരണത്തിന് മാറ്റം വരുത്തിയത് ആദ്യമായി ചെയ്‌തത് എന്നാൽ വിജയ് അല്ല. അതിന്റെ പേരിൽ കോടതി വ്യവഹാരത്തിൽ വരെ എത്തിപ്പെട്ടത് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും അന്ന് ഉപമുഖ്യമന്ത്രിയുമായിരുന്ന ഉദയനിധി സ്റ്റാലിനാണ്. 2024ൽ ഒരു പൊതുപരിപാടിയിലെത്തിയ ഉദയനിധി വെള്ള ടീഷർട്ടും ജീൻസുമാണ് ധരിച്ചിരുന്നത് എന്നും ഇത് 2019ലെ സർക്കാർ ഉത്തരവിന്റെ ലംഘനമാണെന്നും കാട്ടി എം സത്യകുമാർ എന്ന അഭിഭാഷകനാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസയച്ചു. ഇതിന് മറുപടിയായി അഡ്വക്കേറ്റ് ജനറൽ അറിയിച്ചത് സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഈ നിയമം ബാധകം മന്ത്രിമാർക്ക് അല്ല എന്നാണ്.
മുഖ്യമന്ത്രിയായി വിജയ് ജയിച്ചുകയറിയത് സംസ്ഥാനത്തെ 1.22 കോടി ജെൻ സി വോട്ടർമാരുടെ കൂടി പിന്തുണയാലാണ്. അതിനാൽതന്നെ ചുവപ്പിനും കറുപ്പിനും പ്രാധാന്യമുള്ള പഴയ തലമുറയിൽ നിന്നും പുതിയകാലത്തിന്റെ പ്രതീക്ഷയായ പുത്തൻ വോട്ടർമാരിലേക്കുള്ള മാറ്റമാണ് ഇത് എന്നും ചിലർ സൂചിപ്പിക്കുന്നുണ്ട്.