ബലിപെരുന്നാള്‍, സ്വകാര്യ മേഖലയ്ക്ക് അവധി ലഭിക്കുക നാല് ദിവസം
റിയാദ്: ബലിപെരുനാള്‍ പ്രമാണിച്ച് സൗദിയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലേയും എന്‍.ജി.ഒ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്കുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.
മേയ് 26 (ദുല്‍ ഹജ്ജ് ഒമ്പത്) ചൊവ്വാഴ്ചയിലെ അറഫാ ദിനം മുതലാണ് അവധി ആരംഭിക്കുന്നത്. രാജ്യത്തെ തൊഴില്‍ നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ വ്യക്തമാക്കിയ നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ അവധി അനുവദിച്ചിരിക്കുന്നതെന്നും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
യുഎഇയിലും പൊതു-സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയാണ് ലഭിക്കുകയെന്ന് മാനവ വിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഈ മാസം 26 മുതല്‍ 29 വരെയാണ് മന്ത്രാലയം പ്രഖ്യാപിച്ച ഔദ്യോഗിക അവധി.
എന്നാല്‍ ഷാര്‍ജ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തവണ വാരാന്ത്യ അവധികള്‍ കൂടി ചേര്‍ത്ത് തുടര്‍ച്ചയായ 10 ദിവസത്തെ ദീര്‍ഘകാല അവധിയാണ് ലഭിക്കുക. ഷാര്‍ജയിലെ നാല് പ്രവൃത്തി ദിനങ്ങള്‍ മാത്രമുള്ള തൊഴില്‍ രീതിയാണ് ഈ നീണ്ട അവധിക്ക് വഴിയൊരുക്കിയത്. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.