പ്രവാസികള്‍ക്ക് കോളടിച്ചു, സൗജന്യ ഇന്റര്‍നെറ്റ് മുതല്‍ കുടിക്കാന്‍ തണുത്ത വെള്ളം വരെയായി താമസ സൗകര്യം
ദുബായ്: പ്രവാസി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വേനല്‍ച്ചൂട് കടുക്കുന്നതിന് മുന്നോടിയായിട്ടാണ് രാജ്യത്തെ തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം. തൊഴിലാളികള്‍ക്ക് അന്തസ്സുള്ള താമസസൗകര്യം ഒരുക്കുക എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, മറിച്ച് നിയമപരമായ ബാദ്ധ്യതയാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.
നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടിക്കും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട താമസ സൗകര്യം, സൗജന്യ ഇന്റര്‍നെറ്റ്, കുടിക്കാന്‍ തണുത്ത വെള്ളം എന്നിവ ഒരുക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രധാനമായും പറയുന്നത്. 'അന്തസ്സുള്ള താമസം, സുസ്ഥിര തൊഴില്‍ സാഹചര്യം' എന്ന പ്രമേയത്തില്‍ രാജ്യവ്യാപക ബോധവല്‍ക്കരണ ക്യാംപെയിനും തുടക്കമിട്ടു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രത്യേക സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കാന്‍ ലോക്കറുകള്‍, വാര്‍ത്താവിനിമയത്തിനായി ഇന്റര്‍നെറ്റ് സൗകര്യം എന്നിവയും നിര്‍ബന്ധം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ രാജ്യത്തിന്റെ ലേബര്‍ വെല്‍ഫെയര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരായാണ് കണക്കാക്കുകയെന്നും ഇവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.