പ്രവാസികൾക്ക് സന്തോഷ വാർത്ത; ശമ്പളവിതരണത്തിന് ഇനി പുതിയരീതി, ഉത്തരവുമായി യുഎഇ സർക്കാർ
ദുബായ്: യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം അടുത്ത മാസം മുതൽ ഒന്നാം തീയതിതന്നെ നൽകണമെന്ന് ഉത്തരവായി. യുഎഇ മാനവ വിഭവശേഷി സ്വദേശി വൽക്കരണ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. സ്വകാര്യമേഖല ജീവനക്കാരുടെ ശമ്പളസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ലേബർ നിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.
പുതിയ ഉത്തരവ് പ്രകാരം ശമ്പളം വൈകുന്നത് നിശ്ചിതതീയതി കഴിഞ്ഞ് ഒരു ദിവസത്തേക്കാണെങ്കിലും അത് കുടിശ്ശികയായി കണക്കാക്കും. ശമ്പളം വൈകിപ്പിക്കുന്ന കമ്പനികൾക്കെതിരെ രണ്ടാം ദിവസം മുതൽതന്നെ ഇലക്‌ട്രോണിക് നിരീക്ഷണവും മുന്നറിയിപ്പ് നോട്ടീസുകളും ലഭിച്ചുതുടങ്ങും. ശമ്പളം അഞ്ചുദിവസത്തിലധികം വൈകിയാൽ പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവയ്‌ക്കും. ശമ്പളവിതരണത്തിൽ വീഴ്‌ച വരുത്തുന്ന കമ്പനികൾക്ക് ബിസിനസ് മേഖലയിൽ റേറ്റിംഗ് കുറയും. 16 ദിവസം കഴിഞ്ഞിട്ടും ശമ്പളം നൽകിയില്ലെങ്കിൽ തൊഴിലാളികൾക്കുവേണ്ടി മന്ത്രാലയം നേരിട്ട് തൊഴിൽ തർക്കങ്ങൾ രജിസ്റ്റർ ചെയ്യും. 50-ൽ അധികം ജീവനക്കാരുള്ള കമ്പനികൾ ആവർത്തിച്ച് നിയമലംഘനം നടത്തിയാൽ പ്രോസിക്യൂഷൻ നടപടികൾക്കും ആസ്‌തികൾ കണ്ടുകെട്ടുന്നതിനും ഉടമകൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴിയോ മന്ത്രാലയം അംഗീകരിച്ച മറ്റ് സംവിധാനങ്ങൾ വഴിയോ മാത്രമേ ശമ്പളം കൈമാറാവൂ. മുഴുവൻ ശമ്പളത്തിന്റെ 85 ശതമാനമെങ്കിലും കൃത്യസമയത്ത് നൽകിയാൽ മാത്രമെ ആ കമ്പനി നിയമം പാലിക്കുന്നതായി കണക്കാക്കു. നിയമപരമായ കാരണങ്ങളാൽ ശമ്പളത്തിൽനിന്ന് കുറയ്‌ക്കുന്ന തുക ഇതിൽ ബാധകമാകില്ല.
തൊഴിൽ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ, ജോലിക്ക് ഹാജരാകാത്തവർ, ശമ്പളമില്ലാത്ത അവധിയിലുള്ളവർ, വിദേശകമ്പനികൾ നേരിട്ട് ശമ്പളം നൽകുന്നവർ എന്നിവരെ ഈ കണക്കെടുപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, മൂന്ന് മാസത്തിൽ താഴെ കാലാവധിയുള്ള ഹ്രസ്വകാല വിസകൾ, മത്സ്യബന്ധന ബോട്ടുകൾ, ടാക്‌സികൾ, ആരാധനാലയങ്ങൾ എന്നിവയും നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.