
ചണ്ഡീഗഢ്: റോഹ്‌തക്കിൽ പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ് 16കാരന് ദാരുണാന്ത്യം. ദേശീയ താരമായ ഹാർദിക്കാണ് മരിച്ചത്. ലഘാൻ മജ്രയിലെ കോർട്ടിൽ ഇന്നലെയായിരുന്നു സംഭവം. കളിക്കിടെ പോസ്റ്റ് ആൺകുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട സുഹൃത്തുക്കൾ ഓടിയെത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഹാർദിക്കിന്റെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. പരിശീലനത്തിനായി ഹാർദ്ദിക്ക് ഒറ്റയ്ക്കാണ് കോർട്ടിലെത്തിയത്. ഗെയിം തുടങ്ങുന്നതിന് മുന്നോടിയായി ഹാർദിക്ക് പരിശീലനത്തിലേർപ്പെടുകയായിരുന്നു. ബാസ്കറ്റ്ബോൾ പോസ്റ്റിൽ തൂങ്ങികിടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം.
ഹാർദിക്ക് ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്നും അടുത്തിടെയാണ് പരിശീലന ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയതെന്നും അയൽവാസി മാദ്ധ്യമത്തോട് പറഞ്ഞു. ഹാർദിക്കിനെയും ഇളയ സഹോദരനെയും പിതാവ് സന്ദീപ് രതി വീടിനടുത്തുളള സ്‌പോർട്സ് ക്ലബിൽ ചേർത്തിരുന്നുവെന്നും അയാൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം ഹാർദിക്കിന്റെ മൃതദേഹം കുടുംബത്തിന് കൈമാറിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അടുത്തിടെയും ഹരിയാനയിലെ ബഹാദൂർഗഡ് ജില്ലയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയായ അമനാണ് ബാസ്കറ്റ്ബോൾ പോസ്റ്റ് ശരീരത്തിൽ വീണ് മരിച്ചത്. റോഹ്തക്കിലെ പണ്ഡിറ്റ് ഭഗവത് ഗയാൽ ശർമ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. അമന് കൃത്യമായി ചികിത്സ നൽകിയിരുന്നില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |