
ന്യൂഡൽഹി: ഭരണഘടനാദിനത്തിൽ രാജ്യത്തെ പൗരന്മാർക്കായി കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയാണ് ഭരണഘടനയെന്നും എല്ലാ പൗരന്മാരും ഭരണഘടനാപരമായ കടമകൾ നിറവേറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണ കുടുംബത്തിൽ നിന്നുള്ള തന്നെപ്പോലൊരു വ്യക്തിക്ക് 24 വർഷത്തിലേറെ തുടർച്ചയായി സർക്കാർ തലവനായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ഇന്ത്യൻ ഭരണഘടനയുടെ ശക്തിയാണെന്ന് പ്രധാനമന്ത്രി കുറിച്ചു.
കടമകൾ പ്രാവർത്തികമാകുമ്പോഴാണ് അവകാശങ്ങൾ രൂപംകൊള്ളുന്നതെന്ന മഹാത്മാഗാന്ധിയുടെ ദർശനത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. കടമകൾ നിറവേറ്റുന്നതാണ് സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ അടിത്തറയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് സ്വീകരിക്കുന്ന നയങ്ങളും തീരുമാനങ്ങളും വരും തലമുറകളുടെ ജീവിതത്തെ രൂപപ്പെടുത്തുമെന്ന് അദ്ദേഹം അടിവരയിട്ടു. ഇന്ത്യ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ തങ്ങളുടെ കടമകൾക്ക് പ്രഥമ സ്ഥാനം നൽകണമെന്ന് പൗരന്മാരോട് അദ്ദേഹം അഭ്യർത്ഥിച്ചു.
'നമ്മുടെ ഭരണഘടന മനുഷ്യന്റെ അന്തസിനും സമത്വത്തിനും സ്വാതന്ത്ര്യത്തിനും അതീവ പ്രാധാന്യം നൽകുന്നു. അത് നമുക്ക് അവകാശങ്ങൾ നൽകുമ്പോൾത്തന്നെ പൗരന്മാർ എന്ന നിലയിലുള്ള കടമകളെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു. അത് നാം എപ്പോഴും നിറവേറ്റാൻ ശ്രമിക്കണം. ഈ കടമകളാണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറ' പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിൽ ഭരണഘടനാശില്പികളുടെ കാഴ്‌ചപ്പാടും ദീർഘവീക്ഷണവും തങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |