
ന്യൂഡൽഹി: കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ തർക്കം സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം ചർച്ച ചെയ്‌ത് പരിഹരിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. രണ്ടര വർഷം കഴിഞ്ഞ് മുഖ്യമന്ത്രി പദം നൽകാമെന്ന് ഹൈക്കമാൻഡ് വാഗ്‌ദാനം ചെയ്തതായുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആവശ്യമാണ് പ്രതിസന്ധിയായത്.
വിദേശത്തായിരുന്ന രാഹുൽ ഡൽഹിയിലെത്തിയാലുടൻ കർണാടക വിഷയത്തിൽ ചർച്ചയുണ്ടാകും. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ശിവകുമാറിനെയും ഉടൻ ഡൽഹിക്ക് വിളിപ്പിച്ചേക്കും. രാഹുലെത്തിയ ശേഷം തർക്കം പരിഹരിക്കുമെന്ന് ഖാർഗെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താനായി ശിവകുമാറിനെ പിന്തുണയ്‌ക്കുന്ന എം.എൽ.എമാർ ഡൽഹിയിലുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഇല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഡൽഹിയിലുള്ള പ്രിയങ്ക് രാഹുൽ വിളിച്ചിട്ട് പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് എം.എൽ.എമാർക്ക് അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ശിവകുമാറിന്റെ 'രഹസ്യ കരാർ'
അധികാരം പങ്കിടുന്ന വിഷയത്തിൽ പാർട്ടിയിൽ 'അഞ്ച്-ആറ് പേർക്കിടയിൽ ഒരു രഹസ്യ കരാർ" ഉണ്ടെന്ന ശിവകുമാറിന്റെ വെളിപ്പെടുത്തൽ അതിനിടെ ചർച്ചയായി. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു രഹസ്യ കരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരാർ പരസ്യപ്പെടുത്തില്ലെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ പിൻഗാമിയായി അറിയപ്പെടുന്ന സതീഷ് ജാർക്കിഹോളിയുമായി കഴിഞ്ഞ ദിവസം രാത്രി കൂടിക്കാഴ്ച നടത്തിയതിൽ അസാധാരണമായി ഒന്നുമില്ലെന്നും ഡി.കെ. ശിവകുമാർ പ്രതികരിച്ചു. 2028ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2029 ലോക്‌സഭാ തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ ചർച്ച നടത്തിയതാണെന്നും വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |