
വാഷിംഗ്ടൺ: റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ ആവിഷ്കരിച്ച പുതിയ സമാധാന കരാറിനെ യുക്രെയിൻ പിന്തുണച്ചതിന് പിന്നാലെ അടുത്ത നീക്കവുമായി യു.എസ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ചനടത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തയാഴ്ച മോസ്കോയിലെത്തും. ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറും പങ്കെടുക്കും. കീവിൽ വച്ച് യു.എസ് സൈനിക സെക്രട്ടറി ഡാൻ ഡ്രിസ്കോളുമായി യുക്രെയിൻ സൈനിക മേധാവിയും ചർച്ച നടത്തും.
പുതിയ കരട് പകർപ്പിനെ തങ്ങൾ ശുഭസൂചനയായി കാണുന്നുണ്ടെങ്കിലും കൂടുതൽ കാര്യങ്ങളിൽ ചർച്ച വേണമെന്ന് റഷ്യ പ്രതികരിച്ചു. അതേസമയം, റഷ്യ പിടിച്ചെടുത്ത ഡൊണെസ്ക്, ലുഹാൻസ്ക് പ്രദേശങ്ങൾ വിട്ടുനൽകുന്നത് അടക്കമുള്ള നിർദ്ദേശങ്ങൾ അംഗീകരിക്കാൻ തയ്യാറല്ലെന്ന് യുക്രെയിൻ വ്യക്തമാക്കി. വിഷയത്തിൽ സെലെൻസ്കി ട്രംപുമായി നേരിട്ട് ചർച്ചയ്ക്കും ശ്രമിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ കൂടിക്കാഴ്ച നടക്കും. ചർച്ചകളിൽ പങ്കാളികളാകാൻ യൂറോപ്യൻ നേതാക്കളെയും സെലെൻസ്കി ക്ഷണിച്ചിട്ടുണ്ട്.
എന്നാൽ, പുതിയ കരാരിന് അന്തിമ വിധിയായ ശേഷമേ ഇരു രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയുള്ളൂവെന്ന് ട്രംപ് വ്യക്തമാക്കി.
ചൊവ്വാഴ്ച അബുദാബിയിൽ റഷ്യൻ-യുക്രെയിൻ പ്രതിനിധികളുമായി ഡാൻ ഡ്രിസ്കോൾ ചർച്ച നടത്തിയതിനു പിന്നാലെയാണ് സമാധാന കരാറിന് യുക്രെയിൻ സമ്മതിച്ചത്. യുക്രെയിൻ സൈനികരുടെയെണ്ണം 6 ലക്ഷമായി കുറയ്ക്കണമെന്ന കരാറിലെ വ്യവസ്ഥ ജനീവയിലെ ചർച്ചയെ തുടർന്ന് 8 ലക്ഷമായി ഉയർത്തി ഭേദഗതി ചെയ്തെന്ന് സൂചനയുണ്ട്. സമാധാന ചർച്ചകൾ ഒരുവഴിക്ക് നടക്കുമ്പോൾ 2022ൽ റഷ്യയുടെ യുക്രൈൻ അധിനിവേശത്തോടെ ആരംഭിച്ച യുദ്ധം ഒരു കുറവുമില്ലാതെ തുടരുകയാണ്.
ഇരുവശത്തിന്റെയും അഭിപ്രായം മാനിച്ചു
ഇരുരാജ്യങ്ങളുടേയും അഭിപ്രായം മാനിച്ചാണ് ആദ്യ സമാധാന കരാർ മാറ്റി പുതിയത് ആവിക്ഷകരിച്ചതെന്ന് ഡൊണാൾ ട്രംപ് പറഞ്ഞു. പുതിയ കരട് റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, യു.എസ് ആദ്യമുണ്ടാക്കിയ സമാധാന കരാറിനോട് റഷ്യയ്ക്ക് അനുകൂല നിലപാടാണ് ഉണ്ടായിരുന്നതെന്നും അതിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ റഷ്യയുടെ തീരുമാനം അനുകൂലമായിരിക്കില്ലെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്രോവ് മുന്നറിയിപ്പ് നൽകിയത്.
കരാറിലെ പ്രധാന വ്യവസ്ഥകൾ
യുക്രെയിൻ നാറ്റോയിൽ ചേരാൻ പാടില്ല.
യുക്രെയിൻ സൈനികരുടെ എണ്ണം 6 ലക്ഷമായി കുറയ്ക്കണം.
യുദ്ധത്തിൽ പിടിച്ചെടുത്ത ക്രൈമിയ, ലുഹാൻസ്ക്, ഡോണെറ്റ്സ്ക് എന്നീ പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുക്കും. ഹേഴ്സൻ, സാപൊറീഷ്യ എന്നിവിടങ്ങൾ ഭാഗികമായും റഷ്യ കയ്യിൽവയ്ക്കും.
സാപൊറീഷ്യ ആണവനിലയത്തിൽനിന്നുള്ള വൈദ്യുതിയുടെ പകുതി റഷ്യയ്ക്കു കൊടുക്കണം.
യുക്രെയിന് പിന്തുണ
അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ തുടർന്നും പിന്തുണയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘർഷത്തിന് പരിഹാരം കാണുന്നതിന് സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ഇരു കക്ഷികളും തമ്മിൽ ആത്മാർത്ഥവും പ്രായോഗികവുമായ ഇടപെടലിന് ഒപ്പം നിന്നിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇത് യുദ്ധത്തിന്റെ യുഗമല്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും അദ്ദേഹം ഓർമ്മിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |