
ഹോങ്കോങ്ങ്: ഹോങ്കോങ്ങിൽ 31 നിലകളുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 36 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെ നില ഗുരുതരമാണ്. 279 പേരെ കാണാതായി. രണ്ടായിരത്തോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. തായ്പോയിലെ വാങ്ഫുക് കോംപ്ലക്സിലെ ഏഴ് കെട്ടിടങ്ങളിൽ ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് തീ പടർന്നത്. ഉടൻ അഗ്നിശമനസേനാംഗങ്ങളും പൊലീസുമെത്തി അണയ്ക്കാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന്റെ മുകളിലേക്ക് തീ ആളിപ്പടർന്നു. നിരവധി പേർ കുടുങ്ങിക്കിടന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കുപുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് തീ പടർന്നതെന്ന് അധികൃതർ അറിയിച്ചു. ഏറ്റവും തീവ്രതയേറിയ ലെവൽ 5 വിഭാഗത്തിൽപ്പെട്ട അഗ്നിബാധയാണിത്. തീ നിലവിൽ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. രക്ഷപ്പെട്ട 900 ഓളം പേരെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി. 128 ഫയർ എൻജിനുകളും 767 ഫയർഫോഴ്‌സ് സേനാംഗങ്ങളും 400 പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. നിരവധി പാർപ്പിട സമുച്ചയങ്ങൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മേഖലയിലാണിത്.
അതിനിടെ തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ പൊലീസും അഗ്നിശമന വകുപ്പും ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. 2024 ജൂലായ് മുതലാണ് ഇവിടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 7ന് നടക്കുന്ന ലെഗ്കോ
തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ താത്ക്കാലത്തേക്ക് നിറുത്തിവച്ചു. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നാൽ അത് പുനഃപരിശോധിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ജോൺ ലീ പറഞ്ഞു. സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അനുശോചനം രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |