
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തിയതിനെ അപലപിച്ച പാക് നടപടി അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം. മതാന്ധതയുടെ കറ പുരണ്ട പാകിസ്ഥാൻ അടിച്ചമർത്തലും ന്യൂനപക്ഷ വിരുദ്ധതയും കൊണ്ടുനടക്കുന്ന രാജ്യമാണെന്നും അവർക്ക് മറ്റുള്ളവരെ ഉപദേശിക്കാനുള്ള അവകാശമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കപട പ്രസംഗങ്ങൾ നടത്തുന്നതിന് പകരം പാകിസ്ഥാൻ സ്വന്തം നാട്ടിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ ശ്രദ്ധിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
നവംബർ 25ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന പതാക ഉയർത്തൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുള്ള അപകടസൂചനയാണെന്നായിരുന്നു പാകിസ്ഥാന്റെ പരാമർശം. ബാബറി മസ്ജിദ് തകർത്ത സ്ഥലത്താണ് ക്ഷേത്രം പണിതതെന്നും ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരെ അസഹിഷ്ണുതയും അപരവത്കരണവും വളർന്നുവരുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം കൂടുതൽ വിശദീകരണം നൽകിയില്ല. ബംഗ്ലാദേശിന്റെ അപേക്ഷ പരിശോധിച്ചുവെന്നും ബംഗ്ലാദേശ് ജനതയുടെ താത്പര്യം സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബന്ധമാണെന്നും രൺധീർ ജയ്‌സ്വാൾ ആവർത്തിച്ചു.
അരുണാചൽ ഇന്ത്യയുടേത്
അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ പ്രദേശമാണെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ചൈന എത്ര അവകാശവാദം ഉന്നയിച്ചാലും യാഥാർഥ്യം മാറ്റാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അരുണാചൽ പ്രദേശിൽ നിന്നുള്ള യുവതിയെ ചൈനക്കാരി എന്ന് വിളിക്കുകയും അപമാനിക്കുകയും ചെയ്തതിൽ ചൈനയെ ശക്തമായ എതിർപ്പ് അറിയിച്ചു. അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടത് അനിവാര്യമാണ്. അരുണാചലിൽ ചൈന അവകാശവാദം ഉന്നയിക്കുന്നത് പ്രശ്‌നങ്ങൾക്ക് ഇടയാക്കും. അത് സമാധാന ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
പുട്ടിൻ ഡിസംബറിൽ എത്തും
റഷ്യൻ പ്രസിഡന്റ് വളാഡിമിർ പുട്ടിൻ അടുത്ത മാസം ഇന്ത്യയിൽ എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദർശന തീയതി സംബന്ധിച്ച് ചർച്ചകൾ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |