
ക്രിക്കറ്റ് താരം സ്‌മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം മാറ്റിവച്ചതിന് പിന്നാലെ പല തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. വിവാഹം മാറ്റിവച്ചതല്ല, വേണ്ടെന്നുവച്ചതാണ്. പലാഷ് സ്‌മൃതിയെ വഞ്ചിച്ചതാണ് കാരണമെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പലാഷിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ബന്ധുവായ നീതി തക്.
മേരി ഡി കോസ്റ്റ എന്ന യുവതിയുടേതെന്ന പേരിൽ റെഡ്ഡിറ്റിൽ ഒരു സ്‌ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്. ആഡംബര ഹോട്ടലിൽ നീന്താൻ പോകാമോ എന്നുൾപ്പെടെ പലാഷ് മേരിയോട് ചോദിക്കുന്ന ചാറ്റാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് പിന്നാലെ അവർ അക്കൗണ്ട് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീൻഷോർട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം അപവാദ പ്രചരണങ്ങളുടെ പേരിൽ പലാഷിനെ മുൻവിധിയോടെ കാണരുതെന്നും നീതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പലാഷ് വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സത്യമറിയാതെ പലാഷിനെ തെറ്റുകാരനായി കാണരുത്. ഇന്ന് സാങ്കേതിക വിദ്യ മനുഷ്യരേക്കാൾ മുന്നിലാണെന്നും അതിനാൽ കിംവദന്തികളുടെ പേരിൽ പലാഷിനെ വിലയിരുത്തരുതെന്നും നീതി കുറിച്ചു. പലാഷിനായി പ്രാർത്ഥിക്കണം എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
നവംബർ 23നായിരുന്നു സ്മൃതിയും പലാഷും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹച്ചടങ്ങിന് മണിക്കൂറുകൾ മുമ്പാണ് സ്മൃതിയുടെ പിതാവ് ശ്രീനിവാസിന് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് വിവാഹം മാറ്റിവച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ആരോഗ്യം മെച്ചപ്പെട്ട ശ്രീനിവാസ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.
സ്‌മൃതിയുടെ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേദിവസം പലാഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്‌മൃതിയുടെ അച്ഛനുമായി പലാഷിന് വളരെ അടുത്ത ബന്ധമാണെന്നും അദ്ദേഹം ആശുപത്രിയിലായത് കാരണം വിവാഹം മാറ്റിവയ്‌ക്കാൻ പലാഷ് തന്നെയാണ് ആവശ്യപ്പെട്ടതെന്നും പലാഷിന്റെ അമ്മ അറിയിച്ചിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ പലാഷിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വളരെയധികം മാനസിക സമ്മർദം അനുഭവിക്കുന്നുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു.
എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിലടക്കം പങ്കുവച്ചിരുന്ന എല്ലാ പോസ്റ്റുകളും സ്മൃതി നീക്കിയത് സംശയം ഉണർത്തിയിരുന്നു. 2019ലാണ് ഇരുവരും പ്രണയത്തിലായത്. 2024ൽ പ്രണയത്തിന്റെ അഞ്ചാം വാർഷിക ദിനത്തിലാണ് ചിത്രം പങ്കുവച്ച് ബന്ധം പരസ്യമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |