
ബീജിംഗ്: പല തരത്തിലുള്ള ഭക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു കാപ്പിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ താരം. എന്താണ് ഈ കാപ്പിക്ക് ഇത്ര പ്രത്യേകത എന്നല്ലേ? പാറ്റയാണ് കാപ്പിയിലെ പ്രധാന ആകർഷണം. ചൈനയാണ് ഈ കാപ്പി പുറത്തിറക്കിയത്. പാറ്റയ്ക്ക് ജീവനില്ല. ഉണക്കിയ ശേഷമാണ് ഇത് കാപ്പിയിൽ ഇടുന്നത്. ഏകദേശം 45 യുവാൻ (ഏകദേശം 6 യു.എസ് ഡോളർ) യാണ് വില. ചെറിയൊരു പുളിപ്പും ഈ കാപ്പിക്കുണ്ട്. പാറ്റകളെ പൊടിച്ച് മുകളിൽ വിതറിയും ഉണങ്ങിയ മഞ്ഞ പുഴുക്കളെ പാനീയത്തിൽ ചേർത്തുമാണ് ഈ കാപ്പി ഉണ്ടാക്കുന്നത്.'കരിഞ്ഞതും ചെറുതായി പുളിയുള്ളതു'മാണ് എന്നാണ് ആളുകൾ ഈ കാപ്പിയെ വിശേഷിപ്പിക്കുന്നത്. ബീജിംഗിലെ ഇൻസെക്ട് മ്യൂസിയത്തിലെ കോഫി ഷോപ്പുകളിലാണ് ഇത് വിൽക്കുന്നത്.
ജൂൺ അവസാനത്തിലാണ് ഈ പാനീയം പുറത്തിറക്കിയതെങ്കിലും ഇപ്പോഴാണ് വൈറലാകുന്നത്.
യുവാക്കളെയാണ് ഈ കാപ്പി കൂടുതൽ ആകർഷിക്കുന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്. പൊതുവെ കുട്ടികളും പ്രായമായവരും ഇതിനോട് മുഖം തിരിക്കുകയാണെന്നാണ് വിവരം. പ്രതിദിനം 10 കപ്പിലധികം കോഫി വിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സുരക്ഷ ഉറപ്പാക്കാൻ, പ്രാണികളുടെ പൊടി ഉൾപ്പെടെയുള്ള എല്ലാ ചേരുവകളും പരമ്പരാഗത ചൈനീസ് മെഡിസിൻ കടയിൽ നിന്നാണ് വാങ്ങുന്നതെന്നും കച്ചവടക്കാർ വ്യക്തമാക്കി. പാറ്റയുടെ പൊടി രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാമെന്നും അതേസമയം പ്രോട്ടീൻ സമ്പുഷ്ടമായ പുഴുക്കൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നുമാണ് പരമ്പരാഗത ചൈനീസ് ചികിത്സാരീതിയിൽ പറയുന്നത്.
ഈ കാപ്പിക്ക് പുറമേ മറ്റ് അസാധാരണമായ പാനീയങ്ങളും മ്യൂസിയം ഉണ്ടാക്കിയിട്ടുണ്ട്. പിച്ചർ ചെടിയുടെ ജ്യൂസ് ഉപയോഗിച്ച് നിർമ്മിച്ച പാനീയങ്ങളും ഹാലോവീൻ സമയത്ത് മാത്രം വിറ്റിരുന്ന ഉറുമ്പ് പാനീയവും ഇതിൽ ഉൾപ്പെടുന്നു. ഉറുമ്പ് പാനീയത്തിന് പുളി രുചിയാണെന്നും എന്നാൽ പിച്ചർ ചെടിയുടെ കോഫി സാധാരണ കാപ്പിയുടെ രുചിയാണെന്നും മ്യൂസിയത്തിലെ ജീവനക്കാരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |