
ന്യൂഡൽഹി: ഭാര്യാഭർത്താക്കന്മാർ പ്രത്യേകമായി താമസിക്കുന്നുവെന്നത് വിവാഹമോചനം അനുവദിക്കാൻ പര്യാപ്‌തമായ കാരണമല്ലെന്ന് സുപ്രീംകോടതി. ഉത്തരാഖണ്ഡിൽ നിന്നുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. ഭാര്യ തന്നെ ഉപേക്ഷിച്ച് പോയെന്ന ഭർത്താവിന്റെ ഹർജിയിൽ ഉത്തരാഖണ്ഡ് ഹൈക്കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്‌ത് ഭാര്യ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പങ്കാളികൾ വേർപിരിഞ്ഞു താമസിക്കുന്നതിനെ, ഇനി യോജിക്കാനാകാത്ത തരത്തിൽ ബന്ധം തകർന്നുവെന്ന നിലയിൽ കാണാനാകില്ല. ബന്ധത്തിന്റെ തകർച്ചയ്‌ക്ക് ആരാണ് ഉത്തരവാദിയെന്ന് കീഴ്ക്കോടതികൾ വിലയിരുത്തണം. ഉപേക്ഷിച്ചുപോയതിന് തെളിവുണ്ടോയെന്ന് നോക്കണം. അതല്ലാതെ വിവാഹമോചനം അനുവദിക്കുന്നത് പ്രത്യാഘാതമുണ്ടാക്കും. കുട്ടികളെയാണ് കൂടുതലും ബാധിക്കുകയെന്നും സുപ്രീംകോടതി നിലപാടെടുത്തു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. പുതുതായി വാദം കേട്ട് തീരുമാനമെടുക്കണം. ഭാര്യയും ഭർത്താവും ഹൈക്കോടതിക്ക് മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചു.
പീഡനമായി കണക്കാക്കരുത്
പരസ്‌പരസമ്മതത്തോടെ ബന്ധത്തിലേർപ്പെടുകയും പിന്നീട് വഴക്കുണ്ടാകുമ്പോൾ ലൈംഗിക പീഡനക്കേസ് നൽകുകയും ചെയ്യുന്ന പ്രവണതയെ സുപ്രീംകോടതി വീണ്ടും വിമർശിച്ചു. വിവാഹവാഗ്ദാനം നൽകി അഭിഭാഷകൻ പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. ക്രിമിനൽ നീതിന്യായ സംവിധാനത്തിന്റെ ദുരുപയോഗമാണിത്. വളരെയധികം ആശങ്കാജനകവും അപലപനീയവുമാണ് ഈ പ്രവണതയെന്നും കൂട്ടിച്ചേർത്തു. പീഡനക്കേസിനെതിരെ മഹാരാഷ്ട്രയിലെ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. വിവാഹമോചനക്കേസിനെത്തിയ കക്ഷിയുമായി അഭിഭാഷകൻ പലതവണ പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടു. മൂന്ന് വർഷത്തോളം ബന്ധം തുടർന്നു. ഒന്നരലക്ഷം രൂപ വേണമെന്ന് യുവതി ആവശ്യപ്പെട്ടത് നിരസിച്ചതോടെയാണ് പീഡനക്കേസെന്നും വാദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |