ന്യൂഡൽഹി: സാങ്കേതിക തകരാറുകളെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് രാവിലെ ഹോങ്കോംഗിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 3135 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രാമദ്ധ്യേയാണ് വിമാനത്തിന് തകരാറുണ്ടെന്ന് പൈലറ്റ് സ്ഥിരീകരിച്ചത്. ഇതോടെയാണ് വിമാനം ഹോങ്കോംഗിൽ തിരിച്ചിറക്കിയത്. അഹമ്മദാബാദ് വിമാനപകടത്തിൽപ്പെട്ട ബോയിംഗിന്റെ ഡ്രീംലൈനർ 787 ശ്രേണിയിൽപ്പെട്ട അതേ വിമാനമാണിത്. ഇതിന്റെ പരിശോധന പുരോഗമിക്കുകയാണ്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. വിമാനം തിരിച്ചിറക്കിയതുമായി ബന്ധപ്പെട്ടും പുതിയ യാത്രയുടെ കൂടുതൽ വിവരങ്ങളെക്കുറിച്ചും എയർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, എയർ ഇന്ത്യയുടെ 33 ഡ്രീംലൈനർ സീരീസ് വിമാനങ്ങളിൽ സുരക്ഷാപരിശോധന തുടങ്ങി. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സിവിൽ വ്യോമയാന ഡയറക്‌ടറർ ജനറലിന്റെ(ഡി.ജി.സി.എ) നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി ചില സർവീസുകൾ വൈകാനിടയുണ്ടെന്നും യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി റീഫണ്ട് ആവശ്യപ്പെടാമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
വിദേശത്തേക്കു പോയ വിമാനങ്ങൾ തിരിച്ചെത്തുന്ന മുറയ്‌ക്ക് പരിശോധന നടത്തും. ശനിയാഴ്ച വരെ ഒൻപത് വിമാനങ്ങളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 24 വിമാനങ്ങളിൽ സമയപരിധിക്കുള്ളിൽ നടപടി പൂർത്തിയാക്കും. ചില ദീർഘദൂര റൂട്ടുകളിലും നിയന്ത്രണങ്ങളുള്ള വിമാനത്താവളങ്ങളിലും പരിശോധനയ്‌ക്ക് സമയമെടുക്കും. സർവീസ് വൈകുന്നത് യാത്രക്കാരെ യഥാസമയം അറിയിക്കും. വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് യാത്രക്കാർക്ക് എയർ ഇന്ത്യ വെബ്‌സൈറ്റ് വഴി(http://airindia.com/in/en/manage/flight-status.html) വിമാനങ്ങളുടെ തൽസ്ഥിതി പരിശോധിക്കാം. ടിക്കറ്റ് റദ്ദാക്കാനും സൗജന്യ റീഷെഡ്യൂളിംഗ് നടത്താനും സൗകര്യമുണ്ടാകുമെന്നും എയർ ഇന്ത്യയുടെ അറിയിപ്പിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |