ന്യൂഡൽഹി: യുഎൻ ദേശീയ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെതിരെ അതിരൂക്ഷ വിമർശനവുമായി ഇന്ത്യ. തീവ്രവാദത്തെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നുവെന്നും സമ്പദ്‌വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്യുന്നുവെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡറായ പർവതനേനി ഹരീഷ് വിമർശിച്ചു. 'സമാധാനവും ബഹുമുഖത്വവും' എന്ന വിഷയത്തിൽ ചർച്ച നടക്കവേ പാകിസ്ഥാൻ പ്രതിനിധിയുടെ പരാമർശങ്ങളിൽ മറുപടി പറയുകയായിരുന്നു ഇന്ത്യ.
'പുരോഗതി, സമൃദ്ധി, വികസന മാതൃകകൾ എന്നിവയുടെ കാര്യത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡം തികച്ചും വ്യത്യസ്തമാണ്. ഒരു വശത്ത്, പക്വതയാർന്ന ജനാധിപത്യവും, കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥയും, ബഹുസ്വരതയുമായി ഇന്ത്യ നിലകൊള്ളുന്നു. മറുവശത്ത് മതഭ്രാന്തിനെയും ഭീകരതയെയും പിന്തുണച്ച് പാകിസ്ഥാനും. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) നിന്ന് തുടർച്ചയായി കടം വാങ്ങുന്ന രാജ്യം കൂടിയാണ് പാകിസ്ഥാൻ. അന്താരാഷ്ട്ര സമൂഹത്തിന് സ്വീകാര്യമല്ലാത്ത ആചാരങ്ങളിൽ ഏർപ്പെട്ടുകൊണ്ട് മതപ്രഭാഷണങ്ങൾ നടത്തുന്നത് കൗൺസിൽ അംഗത്തിന് അനുചിതമാണ്.
അതിർത്തി കടന്നുള്ള ഭീകരത വളർത്തുന്നതിലൂടെ അയൽ, അന്താരാഷ്ട്ര ബന്ധങ്ങളെ തകർക്കുന്ന രാജ്യങ്ങൾക്ക് ഗുരുതരമായ വില നൽകേണ്ടിവരും. പഹൽഗാം ഭീകരാക്രമണത്തിന്റെ ഫലമായി ഏപ്രിൽ 25ലെ കൗൺസിൽ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്മീരിലെയും തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. അതിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പാകിസ്ഥാന്റെ അഭ്യർത്ഥന പ്രകാരം സൈനിക പ്രവർത്തനങ്ങൾ നിർത്തലാക്കാൻ ഇന്ത്യ തീരുമാനിച്ചു.
സമീപ ദശകങ്ങളിൽ, സംഘർഷങ്ങളുടെ സ്വഭാവം മാറിയിരിക്കുന്നു. ആധുനിക ഡിജിറ്റൽ, ആശയവിനിമയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ അതിർത്തി കടന്നുള്ള ധനസഹായം, ആയുധക്കടത്ത്, തീവ്രവാദികൾക്കുള്ള പരിശീലനം, റാഡിക്കൽ പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനം എന്നിവയും വർദ്ധിച്ചിരിക്കുന്നു'- ഇന്ത്യ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |