ന്യൂഡൽഹി: ഉപരാഷ്ട്രപതി പദത്തിൽ നിന്നുള്ള ജഗ്‌ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ പിൻഗാമിക്കായുള്ള ചർച്ചകൾ സജീവം. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബീഹാറിലെ മുൻ മുഖ്യമന്ത്രിയും ഭാരതരത്ന അവാർഡ് ജേതാവുമായ കർപൂരി താക്കൂറിന്റെ മകൻ രാം നാഥ് താക്കൂറിന്റെ പേര് പരിഗണനയിലാണ്. കൃഷി സഹമന്ത്രിയായ രാംനാഥ് താക്കൂർ അതിപിന്നാക്ക വിഭാഗക്കാരനാണ്.
കർഷക പുത്രനെന്ന വിശേഷണവുമായാണ് 2022ൽ അന്ന് ബംഗാൾ ഗവർണർ ധൻകറിനെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയാക്കിയത്. തൊട്ടടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്ന രാജസ്ഥാനിൽ ബി.ജെ.പിയുമായി ഇടഞ്ഞുനിന്ന ജാട്ട് വിഭാഗത്തെ അനുനയിപ്പിക്കാൻ സർക്കാർ അതിലൂടെ ലക്ഷ്യമിട്ടു. ധൻകറിന്റെ പിൻഗാമിയുടെ കാര്യത്തിലും ജാതിസമവാക്യങ്ങൾ പാലിച്ചാൽ രാംനാഥ് താക്കൂറിനെ പരിഗണിച്ചേക്കാം.
ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന് സാദ്ധ്യതയുണ്ടെങ്കിലും രാജ്യസഭാ അദ്ധ്യക്ഷനായി വരുതിയിൽ നിൽക്കുന്നയാളെയാണ് ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനിടയുള്ള ജെ.പി. നദ്ദയാണ് മറ്റൊരു മുഖം. കേന്ദ്രമന്ത്രിസഭയിൽ മുസ്ളിം മുഖങ്ങളില്ലാത്തത് പരിഹരിക്കാൻ മുൻ കേരള ഗവർണറും ഇപ്പോഴത്തെ ബീഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ, ആന്ധ്രാ ഗവർണറായ മുൻ സുപ്രീംകോടതി ജഡ്‌ജ് സയ്യിദ് അബ്‌ദു നാസർ, മുൻ കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി എന്നീ പേരുകളും പരിഗണനയിലുണ്ട്. രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശും നേതൃത്വത്തിന്റെ വിശ്വസ്‌തനാണ്.
അപ്രതീക്ഷിത സന്ദർശനം
രാജി തീരുമാനത്തിന് ശേഷം ധൻകർ തിങ്കളാഴ്‌ച രാത്രി ഒമ്പതോടെ രാഷ്‌ട്രപതി ഭവനിലെത്തിയത് മുൻകൂർ അനുമതി തേടാതെ. പ്രോട്ടോക്കോൾ പാലിക്കാതെയുള്ള സന്ദർശനം ഉദ്യോഗസ്ഥരെ വലച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി തിടുക്കത്തിൽ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം രാത്രി 9.25ഓടെയാണ് ധൻകർ രാജി പരസ്യമാക്കിയത്. ധൻകറിന്റെ രാജിക്കുശേഷം രാജ്യസഭാ ചുമതല ഏറ്റെടുത്ത ഉപാദ്ധ്യക്ഷൻ ഹരിവംശും രാഷ്ട്രപതി ഭവൻ സന്ദർശിച്ചു. കൂടിക്കാഴ്‌ചയുടെ ചിത്രം പുറത്തുവിട്ട രാഷ്‌ട്രപതി ഭവൻ, ധൻകർ-മുർമു കൂടിക്കാഴ്ച പരസ്യമാക്കിയില്ല.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്:
നടപടി തുടങ്ങി കമ്മിഷൻ
ജഗ്‌ദീപ് ധൻകറിനെ രാജിയെ തുടർന്ന് ഒഴിവുവന്ന ഉപരാഷ്ട്രപതി പദത്തിലേക്ക് തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ. ധൻകറിന്റെ രാജിയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. തയ്യാറെടുപ്പ് പൂർത്തിയായാലുടൻ സമയക്രമം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. രാജ്യസഭയിലെയും ലോക്സഭയിലെയും തിരഞ്ഞെടുക്കപ്പെട്ടതും നാമനിർദേശം ചെയ്യപ്പെട്ടതുമായ അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളജ് സജ്ജമാക്കാനും
റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഉദ്യോഗസ്ഥർ എന്നിവരെ തീരുമാനിക്കാനുമുള്ള നടപടികളാണ് തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |