ന്യൂഡൽഹി: പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് അടുത്തയാഴ്‌ച പാർലമെന്റിന്റെ ഇരുസഭകളിലും ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. അതിനിടെ പ്രതിപക്ഷ ബഹളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്റ് നടപടികൾ തടസപ്പെട്ടു. 28ന് തിങ്കളാഴ്‌ച ലോക്‌സഭയിലും 29ന് രാജ്യസഭയിലുമാണ് 16 മണിക്കൂർ വീതം ചർച്ചകൾ നടക്കുക. പഹൽഗാമിലെ സുരക്ഷാ വീഴ്‌ച മുതൽ വെടിനിറുത്തലിന് യു.എസ് ഇടപെട്ടെന്ന അവകാശവാദമടക്കം ചർച്ചയാകും.
അതേസമയം,ബീഹാർ വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തിൽ ഇരുസഭകളും ഇന്നലെയും സ്‌തംഭിച്ചു. ലോക്‌സഭ രാവിലെ സമ്മേളിച്ചയുടൻ പ്രതിപക്ഷാംഗങ്ങൾ പ്ളക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി നടപടികൾ തടസപ്പെടുത്തി. അംഗങ്ങൾ സഭയുടെ മാന്യത കാക്കണമെന്ന സ്‌പീക്കറുടെ മുന്നറിയിപ്പും അവഗണിച്ചു. തുടർന്ന് 12 വരെ സഭ നിറുത്തിവച്ചു.
12ന് വീണ്ടും ചേർന്നപ്പോൾ ലോക്‌സഭയിൽ ബഹളത്തിനിടെ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ ദേശീയ കായിക ബിൽ അവതരിപ്പിച്ചു. സുതാര്യത,കായിക കേന്ദ്രീകൃത പരിഷ്കരണം,തർക്കങ്ങളിൽ അതിവേഗ പരിഹാരം തുടങ്ങിയവ ലക്ഷ്യമിടുന്ന ബിൽ നിയമമായാൽ ഇന്ത്യൻ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബി.സി.സി.ഐയ്ക്ക് സ്വയംഭരണ സ്ഥാപനമെന്ന പദവി നഷ്‌ടമാകും. ഉത്തേജക മരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട ബില്ലും ലോക്‌സഭയിൽ അവതരിപ്പിച്ചു. തുടർന്ന് സഭ രണ്ടു വരെ നിറുത്തിവച്ചു. രണ്ടിന് ചേർന്നപ്പോഴും ബഹളം തുടർന്നതിനാൽ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയും രണ്ടുതവണ നിറുത്തിവച്ച ശേഷം പിരിഞ്ഞു.
ധൻകറിന്റെ രാജി: വ്യക്തത
ആവശ്യപ്പെട്ട് പ്രതിപക്ഷം
ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം. രാജിയിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സർക്കാർ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം എന്തിനാണ് രാജിവച്ചത്,കാരണമെന്താണ്. സർക്കാർ ഉത്തരം നൽകണം.
ജഗ്‌ദീപ് ധൻകറിന് പാർലമെന്റിൽ വിടവാങ്ങൽ പ്രസംഗം അനുവദിക്കണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ നിരസിച്ചു. അതേസമയം,വിരമിക്കുന്ന ഏഴ് എം.പിമാരെ പ്രസംഗിക്കാൻ അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |