ഖാർഗെ നേരിട്ട് വിളിച്ചു, വി സി കെ അയഞ്ഞു; വിജയ് സർക്കാർ നാളെ അധികാരമേൽക്കും?

Saturday 09 May 2026 1:30 PM IST

ചെന്നൈ: ഭൂരിപക്ഷം തികയ്ക്കാൻ രണ്ട് സീറ്റുകൾ മാത്രം ആവശ്യമുള്ള വിജയ്‌യുടെ ടി.വി.കെയ്ക്ക് വി.സി.കെയുടെ രണ്ട് എം.എൽ.എമാർ പിന്തുണ നൽകിയേക്കും.വി.സി.കെ ഇനിയും പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അവരുടെ സംസ്ഥാന സമിതി യോഗത്തിൽ ടി.വി.കെയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടായതായാണ് സൂചന. പാ‌ർട്ടി അദ്ധ്യക്ഷൻ തോൽ തിരുമാവളനെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫോണിൽ വിളിച്ച് സംസാരിച്ചു. 'ഇന്ത്യ" മുന്നണിയിൽപ്പെട്ട വി.സി.കെ വിജയ്‌യുടെ ടി.വി.കെയ്ക്ക് പിന്തുണ നൽകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.

ഇന്ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന യോഗം കഴിഞ്ഞ ഉടൻ തീരുമാനം വി.സി.കെ അറിയിക്കും. അതനുസരിച്ചാകും സത്യപ്രതിജ്ഞ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. ഞങ്ങളെ ഒതുക്കാൻ ശ്രമിച്ചാലും ഒടുവിൽ ഞങ്ങൾ തീരുമാനിക്കും ആര് ഭരിക്കണമെന്ന് എന്ന കുറിപ്പ് വി.സി.കെ നിയുക്ത എം.എൽ.എ വണ്ണി അരസ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്തിരുന്നു .ഇന്നലെ വൈകിട്ട് വി.സി.കെയുടെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഉണ്ടായില്ല. രാത്രി തിരുമാവളൻ സ്റ്റാലിന്റെ വീട്ടിൽ എത്തി ചർച്ച നടത്തി. പിന്നീട് ഉദയനിധി സ്റ്റാലിനെയും കണ്ടു. അതോടെ വി.സി.കെ വിജയ്ക്ക് പിന്തുണ നൽകില്ല എന്ന രീതിയിൽ പ്രചാരണമുണ്ടായി.

ടി.ടി.വി ദിനകരൻ രാത്രി 10ന് തന്റെ നിയുക്ത എം എൽ.എയെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. പരാതി ഗവർണർക്കും നൽകി. വ്യാജ കത്ത് ടി.വി.കെ പ്രചരിപ്പിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. ദിനകരന്റെ ആരോപണത്തെ തള്ളി ടി വി കെ രംഗത്തെത്തി. കത്ത് വ്യാജമല്ലെന്നാണ് അവർ പറയുന്നത്. വ്യാജക്കത്ത് നിർമ്മിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്ന് പറഞ്ഞ അവർ കാറിൽ ഇരുന്ന് എം. എൽ. എ കത്തിൽ ഒപ്പിടുന്നതിന്റെ വീഡിയോയും പുറത്തുവിട്ടു. 116 എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് ടി.വി.കെയ്ക്ക് ഇപ്പോഴും ഉറപ്പായത്. ഇന്നലെ ലോക് ഭവനിലേക്ക് പോകുന്നതിനു മുമ്പ് മാദ്ധ്യമങ്ങളോടു പറഞ്ഞത് 121 എം.എൽ.എമാരുടെ പിന്തുണ ഉറപ്പായി എന്നാണ്.അതിലൊന്ന് അമ്മാ മക്കൾ മുന്നേറ്റ കഴകം അംഗത്തിന്റേതായിരുന്നു.ഒരു എൻ.ഡി.എ കക്ഷികളുടേയും പിന്തുണ തേടില്ലെന്നാണ് ഡെപ്യൂട്ടി സെക്രട്ടറി നിർമ്മൽകുമാർ പറഞ്ഞത്. അത് ടി.വി.കെ തന്നെ പുറത്തുവിട്ട വീഡിയോയിലൂടെ പൊളി‌ഞ്ഞു.

സർക്കാർ രൂപീകരണത്തിന് പ്രതിബന്ധമായി ടി വി കെയ്ക്കുമുന്നിൽ നിരവധി കീറാമുട്ടികൾ ഇനിയുമുണ്ട്. എതിർ ചേരിയിലുള്ള ഒരു എം.എൽ.എയെ കാറിൽ ഇരുത്തി ഒപ്പിടീപ്പിച്ചു എന്നത് കുതിരകച്ചവടത്തിന്റെ തെളിവാണ്. ഗവർണർ ഈ വാദം ഏറ്റെടുത്താൽ നിയമസഭ മരവിപ്പിക്കാം. അല്ലെങ്കിൽ ഒരു അന്വേഷണത്തിലേക്കു പോകാം.പത്താം തീയതിക്കുള്ളിൽ സർക്കാർ രൂപീകരണം നടന്നില്ലെങ്കിലും ഗവർണർക്ക് നടപടിയെടുക്കാം.

വി.സി.കെ ഒരു ഘട്ടത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ചിരുന്നു. വിജയ് തിരുമാവളനെ ആദരിക്കുന്ന രീതിയിൽ പെരുമാറിയില്ല എന്ന ഈഗോ പ്രശ്നവും ഉണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തീരുമാനമെടുക്കുമെന്ന് പറഞ്ഞിരുന്ന തിരുമാവളൻ എന്തിനാണ് രാത്രി സ്റ്റാലിന്റെ വീട്ടിൽ പോയത്?

വിജയ്‌യെ അധികാരത്തിൽ നിന്നും മാറ്റി നിറുത്താനാണ് ഇതെല്ലാമെന്ന് കോൺഗ്രസ് എം.പി. മാണിക്യം ടാഗോർ ആരോപിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ഇന്നു രാവിലെ 8ന് എത്താൻ രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നുവെങ്കിലും കാര്യങ്ങൾ മാറി മറിഞ്ഞതോടെ യാത്ര റദ്ദാക്കി. നാളെ സത്യപ്രതിജ്ഞ നടക്കുകയാണെങ്കിൽ അദ്ദേഹം എത്തിയേക്കും.

അതേസമയം, ഇന്ന് ഉച്ചയോടെ പുതുച്ചേരിയിലെ റിസോർട്ടിലുള്ള എം.എൽ.എമാരോട് ചെന്നൈയിൽ എത്താൻ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി നിർദ്ദേശിച്ചിട്ടുണ്ട്. ഇത് അവകാശവാദം ഉന്നയിക്കാനാണോ എന്ന് വ്യക്തമല്ല. നിയമസഭ പിരിച്ചുവിടുകയോ മരവിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യം വരരുത് എന്നും സർക്കാ‌ർ രൂപീകരിക്കപ്പെടണമെന്നുമാണ് എം.കെ.സ്റ്റാലിൻ പറഞ്ഞത്. ഈ നിലപാട് തങ്ങൾക്കു ഗുണം ചെയ്യുമെന്നാണ് അണ്ണാ ഡി.എം.കെ കരുതുന്നത്.

വിജയ്‌ക്ക് കിട്ടുന്ന ഉപദേശങ്ങൾ ഏറെയും തെറ്റായതാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നത്. പരിചയ സമ്പത്തില്ലാത്ത നേതാക്കളുടെ തെറ്റായ ഉപദേശങ്ങൾ അദ്ദേഹത്തെയും പാർട്ടിയെയും വല്ലാതെ കുഴയ്ക്കുന്നുണ്ട്. അതേസമയം സാധാരണക്കാരുടെ പിന്തുണ വിജയ്ക്ക് കൂടിവരികയാണ്. മുഖ്യമന്ത്രിയല്ലാത്ത വിജയ് മുഖ്യമന്ത്രിയാകുന്ന വിജയ്‌യെക്കാൾ അപകടകാരിയാണെന്ന് ഡി എം കെയ്ക്കും, എ ഐ എ ഡി എം കെയ്ക്കും നന്നായി അറിയാം. അത് മുന്നിൽക്കണ്ടായിരിക്കും തീരുമാനങ്ങൾ കൈക്കൊള്ളുക.