
ന്യൂഡൽഹി: സുപ്രീംകോടതി വിധിക്കെതിരെ മോശം പരമാർശങ്ങൾ നടത്തിയ ബിജെപി എം പി നിഷികാന്ത് ദുബെയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിക്ക് അഭിഭാഷകനായ അനസ് തൻവീറാണ് കത്ത് നൽകിയത്.
നിഷികാന്തിന്റെ പരാമർശം അപകീർത്തികരവും പ്രകോപനപരവുമാണെന്ന് കത്തിൽ പറയുന്നു. വഖഫ് ഭേദഗതിയിലുള്ള സുപ്രീംകോടതി ഉത്തരവും ബില്ലുകൾ വെെകിപ്പിക്കുന്ന ഗവർണർമാരുടെ വിഷയത്തിൽ കോടതി നടത്തിയ ഇടപെടലിനുമൊക്കെ പിന്നാലെയാണ് ബിജെപി നേതാക്കൾ സുപ്രീം കോടതിക്കെതിരെ പരാമർശവുമായെത്തിയത്.
രാജ്യത്തുണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം സുപ്രീംകോടതി ചീഫ് ജസ്റ്റിസാണെന്ന വിവാദ പരാമർശമാണ് ജാർഖണ്ഡിൽ നിന്നുള്ള എംപിയായ നിഷികാന്ത് നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷവും വിവിധ കക്ഷിനേതാക്കളും രംഗത്തെത്തിയതിന് പിന്നാലെയാണ് അനസ് തൻവീർ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി കത്തെഴുതിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ പദവിയെ അപകീർത്തിപ്പെടുത്താനും പൊതുജനങ്ങളിൽ കോടതിക്കെതിരെ എതിർപ്പുണ്ടാക്കാനും സമൂഹത്തിൽ അക്രമവും അശാന്തിയും സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സുപ്രീംകോടതി നിയമം നിർമിക്കുകയാണെങ്കിൽ പാർലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു നിഷികാന്ത് പ്രസ്താവിച്ചത്. പാർലമെന്റിന്റെ നിയമനിർമാണ അധികാരത്തിന്മേൽ സ്വന്തം നിയമങ്ങളടിച്ചേൽപ്പിച്ച് ധിക്കാരപരമായി കെെകടത്തുകയാണ് സുപ്രീംകോടതിയെന്നും നിഷികാന്ത് പറഞ്ഞു. ജഡ്ജിമാരുടെ നിയമനാധികാരിയായ രാഷ്ട്രപതിക്കാണ് കോടതിയിപ്പോൾ നിർദേശങ്ങൾ നൽകുന്നത്.
രാജ്യത്ത് മതയുദ്ധങ്ങൾ പ്രോരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റാണ് നിയമങ്ങളുണ്ടാക്കുന്നത്. പാർലമെന്റിനോട് ആജ്ഞാപിക്കുകയാണോ? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നത് ഏത് നിയമത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും ദുബെ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |