
ബംഗളൂരു: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കുപിന്നാലെ കർണാടകയിലും ബുൾഡോസർ രാജ് നടപ്പാക്കിയതിനെതിരെ വൻ പ്രതിഷേധം. യലഹങ്കയിലെ കോഗിലു ലേഔട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ അപ്രതീക്ഷിത ബുൾഡോസർ രാജ് നടപ്പാക്കുകയായിരുന്നു. മുന്നൂറിലധികം വീടുകൾ തകർത്തു. മൂവായിരത്തോളം പേർ തെരുവിലായി. മുസ്ലിം ഭൂരിപക്ഷ മേഖലയാണിത്. കുടിയൊഴിപ്പിക്കലിന് മുമ്പ് 15 ദിവസത്തെ നോട്ടീസ് നൽകണമെന്ന സുപ്രീം കോടതിയുടെ നവംബർ 2024ലെ ചരിത്രപരമായ വിധി നിലനിൽക്കെയാണ് ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എൽ) ഉദ്യോഗസ്ഥർ പൊലീസ് സന്നാഹത്തോടെ കോളനിയിലേക്ക് ഇരച്ചുകയറിയത്. അനധികൃതമായി താമസിക്കുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി.
30 വർഷത്തിലധികമായി ഇവിടെ താമസിക്കുന്നവർക്ക് വസ്ത്രങ്ങളോ രേഖകളോ എടുക്കാൻ പോലും സമയമനുവദിച്ചില്ലെന്നാണ് ആരോപണം.
ന്യൂനപക്ഷ വിഭാഗങ്ങളും അസംഘടിത മേഖലയിലെ തൊഴിലാളികളും താമസിക്കുന്ന കോളനിയാണിത്. കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളും നിരവധി സംഘടനകളും രംഗത്തെത്തി. മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി നിരവധി പേരാണ് പ്രതിഷേധം അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |