
അബൂജ: നൈജീരിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ കനത്ത ആക്രമണം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഭീകര കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡാെണാൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ എത്രപേർ കൊല്ലപ്പെട്ടു എന്ന് വ്യക്തമല്ല. മേഖലയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ക്രൂര കൊലപാതകങ്ങൾക്കുള്ള മറുപടിയാണ് ആക്രമണം എന്നാണ് ട്രംപ് വ്യക്തമാക്കിയത്. തന്റെ നിർദേശപ്രകാരം സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയതായും അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു. പെർഫെക്ട് സ്ട്രൈക്കുകൾ എന്നാണ് അദ്ദേഹം ആക്രമണങ്ങളെ വിശേഷിപ്പിച്ചത്.
'ക്രിസ്ത്യാനികളെ കശാപ്പുചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഞാൻ നേരത്തേ ഭീകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്റെ നേതൃത്വത്തിലുള്ള അമേരിക്ക തീവ്രവാദത്തെ വളരാൻ അനുവദിക്കില്ല. അമേരിക്കൻ സേനയുടെ കരുത്ത് തെളിയിക്കാനാണ് ഈ നീക്കം. അമേരിക്കൻ സൈന്യത്തിനുമാത്രം സാധിക്കുന്ന കാര്യമാണ് നൈജീരിയയിൽ നടത്തിയത്'- എന്നാണ് ട്രംപ് അവകാശപ്പെട്ടത്. ട്രംപ് പ്രസിഡന്റായതിനുശേഷം നൈജീരിയയിൽ നടക്കുന്ന ആദ്യത്തെ അമേരിക്കൻ ആക്രമണമായിരുന്നു ഇന്നലത്തേത്.
എന്നാൽ, നൈജീരിയൻ സൈന്യത്തിന്റെ അഭ്യർത്ഥന മാനിച്ചായിരുന്നു ആക്രമണം എന്നായിരുന്നു യുഎസ് സൈന്യം പറയുന്നത്. യുഎസ് ആഫ്രിക്ക കമാൻഡന്റ് ഇക്കാര്യം എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് തൊട്ടുപിന്നാലെ സൈന്യത്തിന് നന്ദിപറഞ്ഞ് പെന്റഗൺ മേധാവിയും എക്സിൽ പോസ്റ്റിട്ടു.
നൈജീരിയയിലെ പല മേഖലകളും ഐസിസ്, ബോക്കോ ഹറാം തീവ്രവാദികളുടെ പിടിയിലാണ്. കടുത്ത ക്രൂരതയാണ് ഭീകരർ ക്രിസ്ത്യാനികളോട് കാണിക്കുന്നത്. നിരവധിപേരെ അവർ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ആക്രമണങ്ങൾ വർദ്ധിച്ചതോടെ നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി യുഎസ് പ്രഖ്യാപിക്കുകയും ഭീകരർക്ക് ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും ക്രൂരത തുടർന്നതോടെയാണ് ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |