ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ആറ് തീർത്ഥാടകർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്
പൂനെ: മഹാരാഷ്ട്രയിലെ സാങ്‌ലി ജില്ലയിൽ കനത്ത കാറ്റിലും മഴയിലും ക്ഷേത്രമതിൽ ഇടിഞ്ഞുവീണ് ആറ് തീർത്ഥാടകർ മരിച്ചു. ജാട്ട് താലൂക്കിലെ മോട്ടെവാടി ഗ്രാമത്തിനടുത്തുള്ള ശ്രീ മർഗുബായ് ദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ചയായിരുന്നു അപകടം. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശങ്കർ ആബ ലോഖണ്ഡെ (80), മംഗൾ ഭാവുസാഹേബ് മോറെ (45), സംഗീത റാം ചൗധരി (42), അരുൺ വിഷ്ണു ഗെജ്‌ഗെ (14), സോണിയ ലക്ഷ്മൺ ഗെജ്‌ഗെ (14), കൊണ്ടിബ റൗബ ഗെജ്‌ഗെ (65) എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്ന് പേർ കർണാടക സ്വദേശികളാണ്.
ശക്തമായ കാറ്റിൽ ക്ഷേത്രത്തിന് സമീപത്തെ തകരഷീറ്റുകൾ പറന്നു വന്ന് മതിലിൽ ഇടിച്ചതാണ് അപകടത്തിന് കാരണം. ഒമ്പത് അടി ഉയരമുള്ള മതിലാണ് പെട്ടെന്ന് തകർന്നു വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറുപേരുടെ ജീവൻ രക്ഷിക്കാനായില്ല. രണ്ടു വർഷം മുമ്പ് തീർത്ഥാടകർക്ക് വിശ്രമിക്കാനായി വെട്ടുകല്ല് ഉപയോഗിച്ച് നിർമ്മിച്ച മതിലാണ് തകർന്നത്. നിർമ്മാണത്തിലെ അപാകതയാണോ അതോ കാറ്റിന്റെ ശക്തിയാണോ അപകടകാരണമെന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്.
ചൊവ്വാഴ്ച ക്ഷേത്രത്തിൽ വലിയ തിരക്കുണ്ടായിരുന്നു. അപകടസമയത്ത് ഏകദേശം 350 ഓളം തീർത്ഥാടകർ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നുവെന്ന് സാങ്‌ലി പൊലീസ് സൂപ്രണ്ട് തുഷാർ ദോഷി അറിയിച്ചു. മഴയിൽ നിന്ന് രക്ഷപ്പെടാനായി മതിലിനോട് ചേർന്ന് അഭയം പ്രാപിച്ചവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ജാട്ട്, മിറാജ്, കർണാടകയിലെ വിജയപുര എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.