'അടുത്ത മുഖ്യമന്ത്രി ഡി കെ ശിവകുമാർ', വീണ്ടും കർണാടകയിൽ പോസ്റ്റർ യുദ്ധം കൊഴുക്കുന്നു

Wednesday 13 May 2026 7:51 PM IST

ബംഗളൂരു: ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും കർണാടകയിൽ മുഖ്യമന്ത്രി തർക്കത്തിന് സാദ്ധ്യത ഉയരുന്നു. ഡി കെ ശിവകുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ബംഗളൂരുവിൽ പലയിടത്തും പതിച്ച പോസ്റ്ററുകളിൽ 'അടുത്ത മുഖ്യമന്ത്രി ഡി കെ ശിവകുമാർ' എന്നെഴുതിയതായാണ് കണ്ടത്. ശിവകുമാറിന്റെ അനുയായികളാണ് പോസ്റ്റർ പതിച്ചതെന്നാണ് വിവരം. 2023 മേയ് 20ന് അധികാരത്തിലേറിയപ്പോൾ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുണ്ടാക്കിയെന്ന് പറയപ്പെടുന്ന കരാറിന്റെ പേരിൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി അധികാരതർക്കം രൂക്ഷമാണ്. രണ്ടര വർഷത്തിന് ശേഷം സിദ്ധരാമയ്യ സ്ഥാനം രാജിവയ്‌ക്കണമെന്ന് ഡികെയുടെ അനുയായികൾ ആവശ്യപ്പെട്ടു. പക്ഷെ നാളിതുവരെയായിട്ടും അധികാരമാറ്റം ഉണ്ടായിട്ടില്ല.

പല എംഎൽഎമാരും ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരസ്യമായി പിന്തുണച്ചു. മൂന്ന് വർഷത്തോളമായ സ്ഥിതിയ്‌ക്ക് ഇനിയെങ്കിലും അധികാരമാറ്റമോ മന്ത്രിസഭാ പുനഃസംഘടനയോ ഉണ്ടാകുമെന്ന് ചർച്ചകൾ നടക്കുന്നുണ്ട്. താനും മുഖ്യമന്ത്രിയും ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്ന് കഴിഞ്ഞമാസം ഡി കെ ശിവകുമാർ വ്യക്തമാക്കിയിരുന്നു. ഭരണം സുഖകരമായി പോകാൻ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരണം എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. മുതിർന്ന കോൺഗ്രസ് നേതാക്കളും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലടക്കം പ്രശ്‌നത്തിന്റെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.