280 യാത്രക്കാരുമായി അബുദാബിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ തീപടർന്നു; സർവീസ് നിർത്തിവച്ച് ഇത്തിഹാദ്

Tuesday 12 May 2026 12:43 PM IST

അബുദാബി: ചെന്നൈയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിൽ തീപടർന്നു. ഇന്ന് രാവിലെയാണ് സംഭവം. ടേക്ക് ഓഫിനായി തയ്യാറെടുക്കുന്നതിനിടെയാണ് ഇടതുചിറകിൽ തീപടർന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സർവീസ് നിർത്തിവച്ചു. അടിയന്തര പ്രതികരണ സംഘങ്ങളും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സംഭവസമയത്ത് വിമാനത്തിൽ ഏകദേശം 280 യാത്രക്കാരുണ്ടായിരുന്നു. തീ ഉടൻതന്നെ അണച്ചതിനാൽ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിമാനയാത്ര തുടരാത്തതെന്നും അവർ അറിയിച്ചു. വിമാനത്തിൽ തീപിടിക്കാനുള്ള കൃത്യമായ കാരണം അവർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്നാണ് വിവരം.