ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഈ മോഡലോ? ചിത്രം പങ്കുവച്ച് റെയില്‍വേ

Monday 18 May 2026 8:24 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ അഹമ്മദാബാദ് - മുംബയ് റൂട്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. അതിനിടെ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ മാതൃക റെയില്‍വേ പങ്കുവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റെയില്‍വേ മന്ത്രാലയ കാര്യാലയത്തിലെ നാലാം നമ്പര്‍ ഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ചിത്രം ആണ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്. ചിത്രത്തില്‍ കാണുന്ന അതേ മാതൃകയായിരിക്കും മുംബയ് - അഹമ്മദാബാദ് റൂട്ടില്‍ ഓടുകയെന്നാണ് അഭ്യൂഹം.

മുംബയ് - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍

508 കിലോമീറ്റര്‍ ദൂരത്തിലാണ് മുംബയ്, അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വിഭാവനം ചെയ്തത്. 12 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ സബര്‍മതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത്. എട്ട് ടണലുകളാണ് 6.05 കിലോമീറ്ററില്‍ മലകള്‍ തുരന്ന് പദ്ധതിയുടെ ഭാഗമാക്കിയിട്ടുള്ളത്. കൊവിഡ് മഹാമാരി ഉള്‍പ്പെടെ വ്യാപകമായതിനാല്‍ പദ്ധതി വൈകുകയായിരുന്നു.

എന്നിരുന്നാലും ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ. എന്നാല്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് മാസത്തിലാകും ട്രെയിന്‍ ഓടിത്തുടങ്ങുകയെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പിന്നീട് പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ അഹമ്മദാബാദ് മുതല്‍ വാപി വരെയുള്ള 100 കിലോമീറ്റര്‍ ആയിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക. 508 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 2029ല്‍ ആയിരിക്കും ബുള്ളറ്റ് ട്രെയിന്‍ പൂര്‍ണ സജ്ജമാകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.