‘ബംഗാളിന് വേണ്ടത് ബിജെപിയെങ്കിൽ അത് അംഗീകരിക്കുന്നു’ : തൃണമൂൽ കോൺഗ്രസ് പോരാട്ടം തുടരുമെന്ന് മഹുവ മൊയ്‌ത്ര
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പ്രഹരത്തിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം.
‘ജനങ്ങളുടെ ഇഷ്ടമാണ് പരമപ്രധാനം. ബംഗാൾ ആഗ്രഹിച്ചത് ബിജെപിയെ ആണെങ്കിൽ, ബംഗാളിന് ബിജെപിയെ ലഭിച്ചു. ഞങ്ങൾ അതിനെ ബഹുമാനിക്കുന്നു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത പ്രതിസന്ധികളോട് പൊരുതിയാണ് ഞങ്ങൾ ഈ പോരാട്ടം നടത്തിയത്. അതിൽ എന്റെ നേതാവിലും പാർട്ടിയിലും എനിക്ക് അഭിമാനമുണ്ട്. ഭരണഘടനക്ക് പ്രാധാന്യമുള്ള, കേവല ഭൂരിപക്ഷത്തിന്റെ പേരിൽ അടിച്ചമർത്തലുകൾ ഇല്ലാത്ത ഒരു മതേതര രാജ്യത്തിന് വേണ്ടി ഞങ്ങൾ തുടർന്നും പോരാടും’- മഹുവ എക്സിൽ കുറിച്ചു.
വർഷങ്ങളായി നീണ്ടുനിന്ന മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ആധിപത്യം അവസാനിപ്പിച്ചാണ് ബംഗാളിൽ ബിജെപി അധികാരമുറപ്പിച്ചത്. 293 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 147 സീറ്റുകൾ വേണമെന്നിരിക്കെ 207 സീറ്റുകൾ നേടിയാണ് ബിജെപി കരുത്തുകാട്ടിയത്. തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ മാത്രമാണ് നേടാനായത്. വോട്ട് വിഹിതത്തിൽ ബിജെപി 45.84 ശതമാനവും തൃണമൂൽ കോൺഗ്രസ് 40.80 ശതമാനവും നേടി.