SignIn
Kerala Kaumudi Online
Saturday, 02 August 2025 2.57 AM IST

ആധിപത്യം നിലനിറുത്താൻ ബി.ജെ.പി, തിരിച്ചു പിടിക്കാൻ സി.പി.എം  ത്രിപുരയിൽ പോര് മുറുകി

Increase Font Size Decrease Font Size Print Page
amit

ന്യൂഡൽഹി: ത്രിപുരയിൽ ആധിപത്യം നിലനിറുത്താൻ ബി.ജെ.പിയും നഷ്ടമായ ഭരണം തിരിച്ചു പിടിക്കാൻ സി.പി.എമ്മും എല്ലാ തന്ത്രങ്ങളുമായി പ്രചാരണം ശക്തമാക്കി. മുൻ മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ മണിക് സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനം മുഴുവൻ യാത്ര ചെയ്ത് പ്രചാരണം നടത്തുമ്പോൾ ബി.ജെ.പി അമിത് ഷാ, നരേന്ദ്ര മോദി തുടങ്ങി വലിയൊരു താരപ്രചാരകരുടെ സംഘമാണ് ബി.ജെ.പിക്ക് വേണ്ടി രംഗത്തെത്തുന്നത്. രാഹുൽ ഗാന്ധി മുതലുള്ള നേതാക്കൾ കോൺഗ്രസിനായും മമതാ ബാനർജിയടക്കമുള്ളവർ തൃണമൂൽ കോൺഗ്രസിനായും രംഗത്തുണ്ട്.

കമ്മ്യൂണിസ്റ്റുകൾ നൽകിയത്

അന്ധകാരം: അമിത് ഷാ

കമ്യൂണിസ്റ്റുകൾ ത്രിപുരയ്ക്ക് നൽകിയത് അന്ധകാരമാണെങ്കിൽ ബി.ജെ.പി നൽകിയത് അധികാരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അഗർത്തലയിലെ ശാന്തിർബസാറിൽ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ഭരിക്കുമ്പോൾ ത്രിപുരയിലാകെ അക്രമങ്ങളാണ് അരങ്ങേറിയത്. 400ലേറെ പേർ അന്ന് ത്രിപുരയിൽ കൊല്ലപ്പെട്ടു. ബി.ജെ.പി ഭരണമാണ് ത്രിപുരയിൽ വികസനം എത്തിച്ചത്. അടുത്ത അഞ്ച് വർഷം കൊണ്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ വികസിത സംസ്ഥാനമായി ത്രിപുരയെ ബി.ജെ.പി മാറ്റിയെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസമർപ്പിക്കാൻ തയ്യാറാകണമെന്ന് അമിത് ഷാ പറഞ്ഞു. ബി.ജെ.പിക്ക് അല്ലാതെ ആർക്ക് വോട്ട് നൽകിയാലും ഫലത്തിൽ കമ്യൂണിസ്റ്റ്‌ ഭരണം തന്നെയായിരിക്കും തിരിച്ചു വരികയെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ത്രിപുര കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ പ്രദ്യോത് മാണിക്യയുടെ തിപ്രമോത പാർട്ടിക്ക് കോൺഗ്രസ്, സി.പി.എം പാർട്ടികളുമായി രഹസ്യധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മാറിനിന്നത് പുതുരക്തത്തിന്

അവസരം നൽകാൻ: മണിക് സർക്കാർ

ഭാവി നേതൃത്വം കെട്ടിപ്പടുക്കാൻ പുതിയ തലമുറയ്ക്ക് അവസരം നൽകാനാണ് തിരഞ്ഞെടുപ്പ് മത്സരരംഗത്ത് നിന്ന് മാറിനിന്നതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ പറഞ്ഞു. നിരവധി പുതുമുഖങ്ങൾ പാർട്ടിയിൽ വരുന്നു. അവർക്ക് അവസരം നൽകണം. മുന്നണിക്ക് വേണ്ടി സംസ്ഥാനത്ത് മുഴുവൻ പ്രചാരണം നടത്തണെമന്ന് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മണിക് സർക്കാർ പറഞ്ഞു. അമ്പത് ശതമാനത്തോളം പുതുരക്തങ്ങളെയാണ് അവതരിപ്പിച്ചത്. അവരെ സമൂഹത്തിന് പരിചയപ്പെടുത്തിക്കൊണ്ട് തങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ജനാധിപത്യം നശിപ്പിക്കപ്പെട്ടു. വോട്ട് ചെയ്യാൻ പോലും അനുവദിക്കുന്നില്ല. ജോലിയില്ല, ഭക്ഷണമില്ല. എവിടെയും പട്ടിണി മാത്രം. ഈ സാഹചര്യം ഒഴിവാക്കാനാണ് സി.പി.എമ്മും കോൺഗ്രസും കൈകോർത്തത്. തങ്ങൾ സംയുക്തമായി പ്രചാരണം ആരംഭിച്ചു. ഒരുമിച്ച് പോരാടാമോയെന്ന് കോൺഗ്രസ് ചോദിച്ചു. തങ്ങൾ സമ്മതിച്ചു. തങ്ങളുടെ പ്രവർത്തകർ കോൺഗ്രസിന് വേണ്ടിയും പ്രചാരണം നടത്തും. വികസന പ്രവർത്തനങ്ങളൊന്നും

അവർ നടത്തിയില്ല. കഴിഞ്ഞ ഇടത് സർക്കാരിന്റെ പദ്ധതികളുടെ റിബൺ മുറിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ത്രിപുരയിൽ ഒരു ജനാധിപത്യ സർക്കാർ രൂപീകരിക്കേണ്ടത് പ്രധാനമാണെന്നും മണിക് സർക്കാർ വ്യക്തമാക്കി.

സൗജന്യ വാഗ്ദാനങ്ങളുമായി

കോൺഗ്രസ് പ്രകടനപത്രിക

ഒട്ടേറെ സൗജന്യ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപ‌ത്രിക പുറത്തിറക്കി. ആം ആദ്മി പാർട്ടിയെ അനുകരിച്ച് 150 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, പഴയ പെൻഷൻ തിരിച്ചു കൊണ്ടുവരൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അമ്പതിനായിരം തൊഴിലവസരങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് കോൺഗ്രസ് പ്രകടനപത്രിക. കർഷക തൊഴിലാളികളുടെ കൂലി വർദ്ധനയുൾപ്പെടെയുള്ള 20ഇന പരിപാടിയും പ്രകടനപത്രികയിൽ ഇടം പിടിച്ചു. പിരിച്ചുവിടപ്പെട്ട 10,323 അദ്ധ്യാപകരുടെ പ്രശ്നം പരിഹരിക്കാൻ യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനം സ്വീകരിക്കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു. ത്രിപുര ഗോത്രവർഗ്ഗ മേഖലയുടെ ഓട്ടോണമസ് കൗൺസിലിനെ ശക്തിപ്പെടുത്താൻ 125-ാം വകുപ്പിൽ ഭരണഘടന ഭേദഗതി കൊണ്ടു വരുമെന്നും വ്യക്തമാക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടിയുടെ ഏക എം.എൽ.എയുമായ സുദീപ് റോയ് ബർമ്മനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.

ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ സി.പി.എം പരാതി നൽകി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ബി.ജെ.പി സ്ഥാനാർത്ഥി ടിങ്കു റോയിക്കെതിരെ സി.പി.എം. മുഖ്യതിരഞ്ഞെട്ടപ്പ് കമീഷന് പരാതി നൽകി. 52 ചന്ദിപൂർ നിയമസഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് ടിങ്കു റായ്. ശ്രീരാംപൂർ സംരൂർപാർ പ്രൈമറി അഗ്രികൾച്ചറൽ കോ - ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡിന്റെ കെട്ടിടം കഴിഞ്ഞ ജനുവരി 30 മുതൽ റിങ്കു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുയാണ്. സൊസൈറ്റിയുടെത് പൊതുസ്വത്താണെന്നും ഈ കെട്ടിടം തിരഞ്ഞെടുപ്പ് ഓഫീസായി ഉപയോഗിക്കുക വഴി ബി.ജെ.പി സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിക്കുകയാണെന്നും ഉനകോട്ടി ജില്ലയിലെ ചന്ദിപൂർ സി.പി.എം. ലോക്കൽ കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, AMIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.