ന്യൂ ഡൽഹി : അണ്ണാ ഡി.എം.കെ. നേതൃ തർക്കത്തിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവത്തിന് സുപ്രീംകോടതിയിൽ തിരിച്ചടി. മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനി സാമിയെ പാർട്ടിയുടെ താൽക്കാലിക ജനറൽ സെക്രട്ടറിയായി അംഗീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ ഒ. പനീർസെൽവം സമർപ്പിച്ച ഹർജി ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ ബെഞ്ച് തളളി. എടപ്പാടി പളനി സാമിക്ക് താൽക്കാലിക ജനറൽ സെക്രട്ടറിയായി തുടരാം.
സുപ്രീംകോടതി തീരുമാനം മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുമായി ബന്ധപ്പെട്ടാണെന്നും, നേതൃ തർക്കത്തിൽ ഇ.പി.എസ്, ഒ.പി.എസ് പക്ഷങ്ങൾ മദ്രാസ് ഹൈക്കോടതിയിൽ നൽകിയിട്ടുളള കേസിനെ ബാധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് ഒ. പനീർസെൽവത്തെ പുറത്താക്കി എടപ്പാടി പളനി സാമിയെ താൽക്കാലിക ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത 2022 ജൂലായ് 11ലെ ജനറൽ കൗൺസിൽ യോഗത്തിന്റെ സാധുത സുപ്രീംകോടതി പരിശോധിച്ചില്ല. ഈ വിഷയങ്ങൾ മദ്രാസ് ഹൈക്കോടതിക്ക് തീരുമാനിക്കാം.
ജനറൽ കൗൺസിൽ തീരുമാനത്തിനെതിരെ ഒ.പി.എസ് പക്ഷം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ സിംഗിൾ ബെഞ്ച് തൽസ്ഥിതിക്ക് ഉത്തരവിട്ടിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് ഈ തീരുമാനം റദ്ദാക്കി ഇ.പി.എസിന്റെ തിരഞ്ഞെടുപ്പ് അംഗീകരിക്കുകയായിരുന്നു.
ജനറൽ കൗൺസിൽ യോഗം വിളിക്കാൻ ഇ.പി.എസിന്റെയും ഒ.പി.എസിന്റെയും സംയുക്ത അനുമതി വേണമെന്നും ബൈലോയിലെ ഈ വ്യവസ്ഥ ലംഘിച്ചെന്നുമായിരുന്നു ഒ.പി.എസിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |